Quantcast

'അതെങ്ങനെ ക്യാച്ചാകും'; തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു

ഷായ് ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിലെ കുഷ്യനിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിട്ടും അമ്പയർ ഔട്ട് വിധിച്ചതാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.

MediaOne Logo

Sports Desk

  • Published:

    7 May 2024 7:01 PM GMT

അതെങ്ങനെ ക്യാച്ചാകും; തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു
X

ഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ നാലാംപന്ത്. ലെംഗ്ത് ബോൾ മലയാളി താരം മികച്ചൊരു ഷോട്ട് കളിച്ചു. ലോങ് ഓണിലേക്ക് കളിച്ച പന്ത് ഷായ് ഹോപ് അവിശ്വസിനീയമാംവിധം കൈകളിലൊതുക്കി. എന്നാൽ ക്യാച്ചെടുക്കുന്നതിനിടെ നിലതെറ്റിയ താരം പിറകിലേക്ക് പോയപ്പോൾ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തതായി വീഡിയോയിൽ ദൃശ്യമായെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

ബൗണ്ടറി ലൈനിലെ കുഷ്യനിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിട്ടും അമ്പയർ ഔട്ട് വിധിച്ചത് സഞ്ജുവിനേയും ചൊടിപ്പിച്ചു. പ്രതിഷേധവുമായി സഞ്ജു മലയാളി അമ്പയർ അനന്തപത്മനാഭനടുത്തേക്കെത്തി. റിവ്യൂ അടക്കം ആവശ്യപ്പെടാൻ ശ്രമിച്ചെങ്കിലും തേർഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം പോകാനാണ് ഫീൽഡ് അമ്പയർ ശ്രമിച്ചത്. 46 പന്തിൽ 86 റൺസെടുത്ത സഞ്ജു പുറത്ത്. ഇതോടെ മത്സരവും രാജസ്ഥാനിൽ നിന്ന് വഴുതിപോയി. ഈ സമയം ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാൽ ഗ്യാലറിയിലിരുന്ന് സഞ്ജുവിനോട് കയറിപ്പോകാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഡൽഹി കോച്ച് റിക്കി പോണ്ടിങും അത് ഔട്ടാണെന്നവിധത്തിൽ പ്രതികരിക്കുകയും ചെയ്തു.

അത്യന്തം ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 20 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡൽഹി വിജയലക്ഷ്യമായ 222 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 201ൽ അവസാനിച്ചു. രാജസ്ഥാൻ നിരയിൽ നായകൻ സഞ്ജു സാംസൺ( 46 പന്തിൽ 86) റൺസുമായി ടോപ്‌സ്‌കോററായി. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം 86 റൺസ് നേട്ടത്തിലൂടെ ഐപിഎല്ലിൽ കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ എന്നിവയും സഞ്ജു സ്വന്തമാക്കി. ഈ സീസണിലെ അഞ്ചാം അർധസെഞ്ച്വറിയിലേക്കാണ് സഞ്ജു ബാറ്റ് വീശിയത്.

TAGS :

Next Story