Quantcast

ഹമാസ് അംഗീകരിച്ചത് മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ കരാർ; അംഗീകരിക്കാതെ ഇസ്രായേൽ

കരാറിലെ നിബന്ധനകൾ മയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്

MediaOne Logo

Web Desk

  • Published:

    7 May 2024 1:15 PM GMT

israel force
X

ഗസ്സ: മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തൽ നിർദേശമാണ് തങ്ങൾ അംഗീകരിച്ചതെന്ന് ഗസ്സയിലെ ഹമാസ് ഡെപ്യൂട്ടി ഹെഡ് ഖലീൽ അൽ ഹയ്യ. ഓരോ ഘട്ടത്തി​ലും തടവുകാരെ കൈമാറും. ഗസ്സയിൽ നിന്ന് ഇസ്രായേലി​ സൈന്യത്തെ പൂർണമായും പിൻവലിക്കും. കൂടാതെ കുടിയിറക്കപ്പെട്ടവർക്ക് മടങ്ങിവരാനുള്ള സൗകര്യവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ തടവറയിൽ കഴിയുന്ന 33 തടവുകാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കണം. രണ്ടാം ഘട്ടത്തിൽ സൈനികവും ശത്രുതാപരവുമായ പ്രവർത്തനങ്ങൾക്ക് വിരാമമിട്ടുള്ള ​പ്രഖ്യാപനമുണ്ടാകും. കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതിജ്ഞാബദ്ധനാണെന്ന് ഈജിപ്ത്, ഖത്തർ മധ്യസ്ഥർ അറിയിച്ചിട്ടുണ്ട്. പന്ത് ഇപ്പോൾ ഇസ്രായേലിന്റെ കോർട്ടിലാണെന്നും ഖലീൽ അൽ ഹയ്യ കൂട്ടിച്ചേർത്തു.

വെടിനിർത്തൽ, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, മാനുഷിക സഹായ വിതരണം, ബന്ദികളുടെയും തടവുകാരുടെയും മോചനം എന്നിവയെല്ലാം ഉൾപ്പെട്ട കരാർ വ്യവസ്ഥയാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിന്റെ ആദ്യ ദിനം തന്നെ സൈനിക പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കും. കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവിന് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്നും ഹമാസ് വൃത്തങ്ങൾ പറയുന്നു.

വെടിനിർത്തൽ കരാർ സംബന്ധിച്ച നിർദ്ദേശം അംഗീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി, ഈജിപ്ഷ്യൻ ജനറൽ ഇന്റലിജൻസ് ഡയറക്ടറേറ്റ് തലവൻ അബ്ബാസ് കമാൽ എന്നിവരുമായി നടത്തിയ ഫോൺ കോളിൽ ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച കെയ്‌റോയിൽ ആരംഭിച്ച ചർച്ചകൾ അവസാനിച്ചതായും നേതൃത്വവുമായി കൂടിയാലോചിക്കാൻ തങ്ങളുടെ പ്രതിനിധി സംഘം കെയ്‌റോ വിടാൻ തയ്യാറെടുക്കുകയാണെന്നും ഞായറാഴ്ച ഹമാസ് അറിയിച്ചിരുന്നു. ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന, ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കുന്ന, ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിൻവാങ്ങുന്ന, കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ എത്തിക്കുന്ന മനുഷ്യത്വപരാമയ കരാറിനോട് തങ്ങൾക്ക് അനുകൂല സമീപനമാണെന്നും ഹമാസ് വ്യക്തമാക്കി.

42 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണ് കരാറിലുള്ളത്. ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുന്നതിനും ഗസ്സയിൽനിന്ന് ഇസ്രായേൽ ഭാഗികമായി പിൻവാങ്ങുന്നതിനും പകരമായി ഹമാസ് 33 ബന്ദികളെ മോചിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ കൂടുതൽ തടവുകാരെ മോചിപ്പിക്കും. പകരം ബാക്കി വരുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ഗസ്സയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുകയും ചെയ്യും.

ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറുന്നതാണ് മൂന്നാം ഘട്ടം. ഇതോടൊപ്പം ഗസ്സയുടെ പുനർനിർമ്മാണം ആരംഭിക്കുകയും സമ്പൂർണ്ണ ഉപരോധം അവസാനിക്കുകയും ചെയ്യും.

അതേസമയം, ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാനിരിക്കുന്ന ബന്ദികളിൽ ചിലർ ജീവനോടെ ഉണ്ടാകണമെന്നില്ലെന്നാണ് ഹമാസ് പറയുന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ ആദ്യ ഘട്ടത്തിൽ ഹമാസിന്റെ കൈവശമുള്ള 132 ബന്ദികളിൽ നിന്ന് 40 പേരെ ജീവനോടെ വിട്ടയക്കണമെന്നായിരുന്നു ഇസ്രായേലിന്റെ ആവശ്യം. വനിതകൾ, കുട്ടികൾ, മുതിർന്നവർ, രോഗികൾ എന്നിവരെ ആദ്യം വിട്ടയക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.

കരാറിലെ നിബന്ധനകൾ മയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്. ഇസ്രായേലിനെ അറിയിക്കാതെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങൾ അമേരിക്കക്ക് അറിയമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ബന്ദി മോചനശേഷം സൈനിക നടപടി പനുരാരംഭിക്കുമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നുണ്ട്. ഹമാസിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുന്നത് വരെ ആക്രമണം തുട​രുമെന്നാണ് ഇസ്രായേലിന്റെ വാദം.

ഹമാസ് അംഗീകരിച്ച കരാറിലെ നിർദേശങ്ങൾ ഇസ്രായേലിന്റെ ആവശ്യങ്ങളിൽ നിന്ന് ഏറെ ദൂരെയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേസമയം അമേരിക്ക, ഈജിപ്ത്, ഖത്തർ മധ്യസ്ഥരുമായി ചർച്ചകൾ തുടരാൻ പ്രതിനിധികളെ അയക്കുമെന്നും കൂട്ടിച്ചേർത്തു. ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച വീണ്ടും കെയ്റോയിലെത്തിയിട്ടുണ്ട്.

TAGS :

Next Story