മെൽബൺ: വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരോധിത അകശേരുക്കളുടെ invertebrates) കണ്ടുകെട്ടലെന്നാണ് അധികൃതർ ഇതിനെ വ്യക്തമാക്കുന്നത്.
ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യ ബ്രീഡറുടെ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിലാണ് മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും ദുബിയ പാറ്റകളും അടങ്ങുന്ന പ്രാണികളെ പിടികൂടിയതെന്ന് ഓസ്‌ട്രേലിയെൻ കാലാവസ്ഥാ- പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിച്ചെടുത്ത പാറ്റകൾക്ക് ഏകദേശം 2,00,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1,42,000 യു.എസ്. ഡോളർ) വിലമതിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പിടിച്ചെടുത്ത പാറ്റകളുടെ മൂല്യം ഇന്ത്യൻ വിപണി കണക്കനുസരിച്ച് 1.33 കോടി മുതൽ 1.35 കോടി രൂപ വരെയാണ്.
മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും, ദുബിയ പാറ്റകളും ഓസ്‌ട്രേലിയയിൽ നിരോധിക്കപ്പെട്ടവയാണ്. ഇവയെ എങ്ങനെ കൈക്കലാക്കിയതാണെങ്കിലും, രാജ്യത്തേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യാനോ, വളർത്താനോ, വിൽക്കാനോ, വളർത്തുമൃഗങ്ങളായി സൂക്ഷിക്കാനോ നിയമപരമായി അനുവാദമില്ല.
ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന മഡഗാസ്കർ ഹിസ്സിംഗ് പാറ്റകൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റ വർഗ്ഗങ്ങളിൽ ഒന്നാണ്. ഇവയ്ക്ക് 8 സെന്റിമീറ്റർ വരെ നീളം വെയ്ക്കും. വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ, ഓസ്‌ട്രേലിയയിൽ സാധാരണയായി കാണപ്പെടുന്ന പാറ്റകളേക്കാൾ വലിപ്പമുള്ളവയായിരുന്നു ഇവയെന്ന് വ്യക്തമാകുന്നുണ്ട്.
വിദേശയിനം വളർത്തുമൃഗങ്ങളുടെ കച്ചവടത്തിനായോ അല്ലെങ്കിൽ ഉരഗങ്ങൾക്കുള്ള തീറ്റയായി ഉപയോഗിക്കാനോ ആയിരിക്കാം ഈ പ്രാണികളെ കൊണ്ടുവന്നതെന്നാണ് അധികൃതർ സംശയിക്കുന്നത്. ഉരഗങ്ങൾക്ക് തീറ്റ നൽകാൻ ഇത്തരം വലിയ പാറ്റകൾ ഉണ്ടെങ്കിൽ കുറഞ്ഞ എണ്ണം പ്രാണികൾ മതിയാകും എന്നതിനാലാണ് ഇവയ്ക്ക് പ്രിയമേറുന്നത്. ഇതിനുപകരം ചീവീടുകൾ അല്ലെങ്കിൽ ഓസ്‌ട്രേലിയയിലെ തദ്ദേശീയ ഇനമായ വുഡ് റോച്ചുകൾ പോലുള്ള നിയമപരമായ ബദലുകൾ ഉപയോഗിക്കാൻ അധികൃതർ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് നിർദേശം നൽകി.
അധിനിവേശ ജീവികളിൽ നിന്നും പ്രാണികളിൽ നിന്നും തങ്ങളുടെ കാർഷിക മേഖലയെയും, തദ്ദേശീയ വന്യജീവികളെയും, പരിസ്ഥിതി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം വിദേശയിനം പാറ്റകൾ പരിസ്ഥിതിക്ക് എത്രത്തോളം അപകടമാണെന്നുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങൾക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാൽ, ഇവ അന്തരീക്ഷത്തിലേക്ക് തുറന്നുവിടപ്പെടുകയാണെങ്കിൽ രോഗങ്ങൾ പടർത്താനോ പ്രാദേശിക വന്യജീവികൾക്ക് ഭീഷണിയാകാനോ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പാറ്റകളെ വളർത്തിയയാൾക്കെതിരെ ഇതുവരെ കുറ്റപത്രമൊന്നും ഫയൽ ചെയ്തിട്ടില്ലെങ്കിലും, നിരോധിത ജീവികളെ ഇറക്കുമതി ചെയ്യുകയോ കൈവശം വെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത പ്രാണികളെ ദയാവധത്തിന് വിധേയമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.