വിശാഖപട്ടണത്ത് ആഗോള നാവിക പരേഡ്; ഒമാന്റെ ‘സദഹ്’ നാവിക കപ്പലും പങ്കെടുത്തു
ആകെ 71 കപ്പലുകൾ പരേഡിന്റെ ഭാഗമായി
മസ്കത്ത്: ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന ആഗോള നാവിക പരേഡിൽ ഒമാന്റെ ‘സദഹ്’ നാവിക കപ്പലും. ഇന്ത്യയും ഒമാനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധവും സൈനിക സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരേഡിലെ ഒമാന്റെ സാന്നിധ്യം. അന്താരാഷ്ട്ര തലത്തിൽ ഒമാന്റെ നാവിക സേനയുടെ കരുത്തും സാന്നിധ്യവും വിളിച്ചോതുന്നതു കൂടിയായിരുന്നു പരേഡ്. 74 രാജ്യങ്ങളാണ് ആഗോള നാവിക പരേഡിൽ പങ്കെടുത്തത്.
ഇന്ത്യയിൽനിന്ന് തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെ 45 കപ്പലുകളും, ഒമാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള 19 യുദ്ധക്കപ്പലുകളും ഉൾപ്പെടെ ആകെ 71 കപ്പലുകൾ പരേഡിന്റെ ഭാഗമായി. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രകടനം, നാവിക വിമാനങ്ങളുടെ ഫ്ലൈപാസ്റ്റ്, മറൈൻ കമാൻഡോകളുടെ സാഹസിക പ്രകടനങ്ങൾ എന്നിവ ചടങ്ങിന് മാറ്റേകിയിരുന്നു.
തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് സുമേധയിലെത്തിയ ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ദ്രൗപദി മുർമു നാവിക പരേഡ് വീക്ഷിച്ചത്. ഇന്ത്യക്കും ഒമാനുമിടയിലെ ചരിത്രപരമായ ബന്ധവും സംയുക്ത അഭ്യാസ പ്രകടനങ്ങളും ഉൾപ്പെടുന്ന പരസ്പര നാവിക സഹകരണത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ‘സദഹ്’ നാവിക കപ്പലിന്റെ പരേഡിലെ സാന്നിധ്യം.