കോൻ ബനേഗ കരോര്‍പതിയിൽ അതിഥികളായി കേണൽ സോഫിയ ഖുറേഷിയും കമാന്‍ഡര്‍ വ്യോമിക സിങ്ങും; വിമര്‍ശനം
രാഷ്ട്രീയ പ്രചാരണത്തിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി സായുധ സേനയെ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം പാകിസ്താന് നൽകിയ തിരിച്ചടിയായിരുന്നു ഓപറേഷൻ സിന്ദൂര്‍. ഇന്ത്യൻ സ്ത്രീകളുടെ കൺമുന്നിൽ അവരുടെ പങ്കാളികളെ തെരഞ്ഞ് പിടിച്ച് കൊന്ന പഹൽഗാമിലെ ഭീകരർക്കുള്ള തിരിച്ചടിക്ക് 'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ടതിലൂടെ ആ സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു സൈന്യം. ഓപറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ നിയോഗിച്ചതും രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കരസേനയിലെ കേണൽ സോഫിയ ഖുറേഷിയെയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും. രാജ്യത്തിന്‍റെ അഭിമാനമായ ഇവര്‍ ഒരു ടെലിവിഷൻ പരിപാടിയിലൂടെ വിവാദത്തിൽ പെട്ടിരിക്കുകയാണ്.
ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതാരകനാകുന്ന സോണി എന്‍റര്‍ടെയ്ന്‍മെന്‍റ് ചാനലിലെ 'കോൻ ബനേഗ കരോര്‍പതിയിൽ' ഇരുവരും പങ്കെടുത്തതാണ് വിവാദമായത്. രാഷ്ട്രീയ പ്രചാരണത്തിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി സായുധ സേനയെ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം. ഇവരെ കൂടാതെ നാവികസേന കമാന്‍ഡര്‍ കമാൻഡർ പ്രേരണ ദിയോസ്തലിയും പ്രത്യേക സ്വാതന്ത്ര്യദിന എപ്പിസോഡിൽ പങ്കെടുക്കുന്നുണ്ട്. ആഗസ്ത് 15ന് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ടീസര്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സേനയുടെ യൂണിഫോം ധരിച്ച് മൂവരും ഷോയിൽ പങ്കെടുത്തതും ചര്‍ച്ചയായിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് ആവശ്യമായി വന്നുവെന്ന് കേണൽ സോഫിയ വിശദീകരിക്കുന്നതാണ് പ്രൊമോയിലുള്ളത്. "പാകിസ്താൻ ഇത്തരം (ഭീകര) പ്രവർത്തനങ്ങൾ ആവർത്തിച്ച് നടത്തുന്നുണ്ട്. ഒരു മറുപടി ആവശ്യമായിരുന്നു, അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത്," അവർ പറയുന്നു.ഇതിനെയും ചോദ്യം ചെയ്തുകൊണ്ട് നെറ്റിസൺസ് രംഗത്തെത്തി. ''ഏതെങ്കിലും ഒരു രാജ്യത്ത് ഒരു സൈനിക നടപടിക്ക് ശേഷം ഇതുപോലൊന്ന് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സർവീസിലുള്ള ഒരാൾക്ക് ഇത് എങ്ങനെ അനുവദിക്കും? നിലവിലെ ഭരണകൂടം തങ്ങളുടെ നിസ്സാര രാഷ്ട്രീയത്തിനും അതിരുകടന്ന ദേശീയതയ്ക്കും വേണ്ടി നമ്മുടെ സേനയെ ലജ്ജയില്ലാതെ ഉപയോഗിക്കുന്നു," ഒരു ഉപയോക്താവ് കുറിച്ചു.
കെബിസി പോലുള്ള റിയാലിറ്റി ഷോകളിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ സായുധ സേനയുടെ പ്രോട്ടോക്കോൾ അനുവദിക്കുമോ എന്ന് മറ്റൊരാൾ ചോദിച്ചു."ഇന്ത്യൻ സായുധ സേനകൾക്ക് കുറച്ച് പ്രോട്ടോക്കോൾ, അന്തസ്സ്, ആദരവ് എന്നിവയുണ്ട്. രാഷ്ട്രീയക്കാർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അത് നശിപ്പിക്കുകയാണ്. അത് ലജ്ജാകരമാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സൈന്യം ഒരു രാഷ്ട്രീയക്കാരന്‍റെ ബ്രാൻഡിനെയല്ല, രാഷ്ട്രത്തെയാണ് പ്രതിരോധിക്കേണ്ടതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.