< Back
International Old
റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ ദലൈലാമയും മലാലയുംറോഹിങ്ക്യന്‍ വംശഹത്യക്കെതിരെ ദലൈലാമയും മലാലയും
International Old

റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ ദലൈലാമയും മലാലയും

Jaisy
|
29 May 2018 10:51 PM IST

റോഹിങ്ക്യകളെ സഹായിക്കാന്‍ ലോകനേതാക്കള്‍ മുന്നോട്ട് വരണമെന്ന് മലാല അഭ്യര്‍ഥിച്ചു

മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക വ്യാപക പ്രതിഷേധം.. ജപ്പാന്‍, ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. വംശഹത്യക്കെതിരെ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയും രംഗത്തെത്തി.

മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‍ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അത്രിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ജപ്പാനിലെ ടോക്കിയോയിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ സംഘടിച്ചത്. വടക്കന്‍ മ്യാന്‍മറില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വംശഹത്യയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ മ്യാന്‍മറിനെക്കുറിച്ച് വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന മുദ്രാവാക്യവുമായി ഒരു സംഘം എംബസിക്ക് മുന്നിലെത്തിയതോടെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും മഗലാങിലും നൂറുകണക്കിന് പേരാണ് മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്.. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും പ്രതിഷേധ കൂട്ടായ്മ നടന്നു. മലേഷ്യയില്‍ കൊലാലംപൂരിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നിലും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി റാലി നടന്നു. എന്നാല്‍ രാജ്യത്തേക്ക് വരുന്ന ആയിരക്കണക്കിന് വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ യാത്രാച്ചെലവ് വഹിക്കാനാകില്ലെന്ന് മലേഷ്യ പ്രധാനമന്ത്രി നജീബ് റസാഖ് വ്യക്തമാക്കി. ഫിലിപ്പൈന്‍സിലെ മനിലയിലും ഫിലിപ്പിനോ മുസ്‌ലിങ്ങള്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രാര്‍ഥന നടത്തി. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ സ്ഥിതി ദുഖകരമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രതികരിച്ചു. റോഹിങ്ക്യകളെ സഹായിക്കാന്‍ ലോകനേതാക്കള്‍ മുന്നോട്ട് വരണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു. തീവ്രവാദികള്‍ക്കെതിരെയുള്ള നിയമാനുസൃതമായ നടപടിയാണ് സുരക്ഷാ സൈന്യം സ്വീകരിക്കുന്നതെന്നാണ് മ്യാന്മറിന്റെ പക്ഷം.

Related Tags :
Similar Posts