< Back
Entertainment
സൌബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളിലേക്ക്സൌബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളിലേക്ക്
Entertainment

സൌബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളിലേക്ക്

Sithara
|
24 May 2018 4:21 AM IST

കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ വ്യാഴാഴ്ച തീയറ്ററുകളിലേക്കെത്തും. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

15 വര്‍ഷത്തോളം സംവിധാന സഹായിയായും നടനായും പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയവുമായാണ് സൌബിന്‍ ഷാഹിര്‍ ആദ്യ ചിത്രവുമായെത്തുന്നത്. പ്രാവിനെ പറപ്പിക്കുന്ന ഒരു ടൂർണമെന്‍റിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കുട്ടികളുടെ കഥ പറയുന്നു. സൌഹൃദം മുഖ്യ പ്രമേയമാക്കിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു. ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ഒരുക്കിയ പറവയില്‍ പുതുമുഖങ്ങളാണുള്ളത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. 25 മിനിറ്റാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രമുള്ളത്. ഷെയ്ന്‍ നിഗം, ജേക്കബ് ഗ്രിഗറി, ശ്രിന്ദ, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, സിദ്ദീഖ്, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.. സൌബിനും മുനീര്‍ അലിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

റെക്സ് വിജയന്‍ സംഗീതം നല്‍കിയ പറവയിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചതും ദുല്‍ഖറാണ്.

Similar Posts