< Back
America
ട്രംപിൻ്റെ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ആയുധധാരിയെ വെടിവെച്ചുകൊന്നു
America

ട്രംപിൻ്റെ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ആയുധധാരിയെ വെടിവെച്ചുകൊന്നു

ശരത് ഓങ്ങല്ലൂർ
|
22 Feb 2026 8:57 PM IST

പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലെ സ്വകാര്യ റിസോർട്ടായ മാർ-എ-ലാഗോയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും ചേർന്നാണ് ഇയാളെ നേരിട്ടത്.

റിസോർട്ടിൻ്റെ വടക്കു ഭാഗത്തെ ഗേറ്റിന് സമീപം സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈവശം ഒരു ഷോട്ട്ഗണും ഇന്ധനം നിറച്ച ക്യാനും ഉണ്ടായിരുന്നതായും സീക്രട്ട് സർവീസ് പറഞ്ഞു. സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ച ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. കൈയ്യിലുള്ള തോക്ക് ഉപയോഗിക്കാൻ ശ്രമിച്ചതോടെയാണ് സേന വെടിവെച്ചതെന്നും സീക്രട്ട് സർവീസ് അറിയിച്ചു. വെടിയേറ്റയാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നോർത്ത് കരോലിന സ്വദേശിയായ 20 വയസ് പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്. ഇയാളെ കാണാനില്ലെന്ന് കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.

സംഭവം നടക്കുമ്പോൾ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റിസോർട്ടിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം വാഷിംഗ്ടണിലായിരുന്നു. മെലാനിയ ട്രംപും വൈറ്റ് ഹൗസിലായിരുന്നു. സാധാരണ വാരാന്ത്യങ്ങൾ ചിലവഴിക്കാൻ ട്രംപ് മാർ-എ-ലാഗോയിൽ എത്താറുണ്ട്. ഞായറാഴ്ചയിലെ സംഭവത്തിൽ എഫ്ബിഐയും സീക്രട്ട് സർവീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Similar Posts