< Back
America
അമേരിക്കൻ ജനതയെ സംരക്ഷിക്കാനാണ് ഇറാനിലെ ആക്രമണം- ഡോണൾഡ് ട്രംപ്
America

'അമേരിക്കൻ ജനതയെ സംരക്ഷിക്കാനാണ് ഇറാനിലെ ആക്രമണം'- ഡോണൾഡ് ട്രംപ്

ശരത് ഓങ്ങല്ലൂർ
|
28 Feb 2026 1:29 PM IST

ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ആക്രമണം

വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണി ഇല്ലാതാക്കുക എന്നതാണ് നീക്കത്തിൻ്റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. തെഹ്റാനിലെ പ്രധാന കേന്ദ്രങ്ങളായ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പടിഞ്ഞാറൻ തെഹ്റാനിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുയുടെ തെഹ്‌റാനിലെ ഓഫീസുകൾക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാൻ്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഐഡിഎഫ് കർശന നിർദേശം നൽകിയിട്ടുണ്ട്. രാജ്യമെമ്പാടും അപായ സൈറണുകൾ മുഴങ്ങുന്നതായും മിസൈൽ വിക്ഷേപണ സാധ്യതകൾ മുൻകൂട്ടി കണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്ന ഈ സാഹചര്യത്തിൽ വരും മണിക്കൂറുകളിലെ നീക്കങ്ങൾ ഏറെ നിർണായകമാണ്.

Similar Posts