
ബാല പീഡകരുടെ സംരക്ഷകൻ എന്ന് പ്രതിഷേധക്കാരൻ; അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്
|മിഷിഗണിലെ ഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെയാണ് സംഭവം
മിഷിഗൺ: മിഷിഗണിലെ ഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാലപീഡകരുടെ സംരക്ഷകൻ എന്ന് വിളിച്ചപ്പോഴാണ് പ്രതിഷേധക്കാരന് നേരെ ട്രംപ് അശ്ലീല ആംഗ്യം കാണിച്ചത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം.
ഡിയർബോണിലെ ഫാക്ടറിക്കുള്ളിലെ ഉയർന്ന പാതയിലൂടെ നടന്നുനീങ്ങുമ്പോഴാണ് ട്രംപിന് നേരെ പ്രതിഷേധമുയർന്നത്. പ്രതിഷേധക്കാരന് നേരെ വിരൽ ചൂണ്ടുകയും അശ്ലീല വാക്കുകൾ പറയുകയും നടുവിരൽ ഉയർത്തിക്കാട്ടുന്നതും വിഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ ദൃശ്യങ്ങൾ ടിഎംഇസെഡ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചത്. പിന്നാലെ ദൃശ്യങ്ങൾ വൈറലായി.
സംഭവത്തെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ട്രംപിനെതിരെ അസഭ്യവർഷം നടത്തിയ ഒരു "ഭ്രാന്തനോടാണ്" അദ്ദേഹം പ്രതികരിച്ചതെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് പറഞ്ഞു. വിവാദമായ എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.
മിഷിഗണിലെ ആഭ്യന്തര നിർമ്മാണ മേഖലയെയും സാമ്പത്തിക രംഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ സന്ദർശനത്തിനിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പിന്നീട് ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക ക്ലബ്ബ് യോഗത്തിൽ രാജ്യം പുതിയ സാമ്പത്തിക മുന്നേറ്റത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു.