< Back
America
ഇറാന്റെ വൈദ്യുതി സംവിധാനം തകർക്കുമെന്ന് ട്രംപ്; അരമണിക്കൂറിനകം മേഖലയെ ഇരുട്ടിലാക്കുമെന്ന് അലി ലാരിജാനി
America

ഇറാന്റെ വൈദ്യുതി സംവിധാനം തകർക്കുമെന്ന് ട്രംപ്; അരമണിക്കൂറിനകം മേഖലയെ ഇരുട്ടിലാക്കുമെന്ന് അലി ലാരിജാനി

അഹമ്മദലി ശര്‍ഷാദ്
|
13 March 2026 7:54 AM IST

സുരക്ഷ തേടി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ലാരിജാനി പറഞ്ഞു

വാഷ്ങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം ശക്തമാക്കിയാൽ ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തകർക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് കഴിയുമെന്നും ട്രംപ് പറഞ്ഞു. ഇത് പുനർനിർമിക്കാൻ ഇറാൻ 25 വർഷമെടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരമൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. തങ്ങളുടെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ പൂർണമായും ഇരുട്ടിലാക്കുമെന്ന് ലാരിജാനി പറഞ്ഞു. സുരക്ഷ തേടി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ലാരിജാനി പറഞ്ഞു. നിങ്ങളെക്കാൾ വലിയവർക്ക് ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇല്ലാതാക്കപ്പെടാതിരിക്കാൻ നിങ്ങളെത്തന്നെ ശ്രദ്ധിക്കണമെന്നും ലാരിജാനി എക്‌സിൽ കുറിച്ചു.

ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് വൻ തിരിച്ചടി നൽകി വിമാനവാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ ഇറാഖിൽ യുഎസ് വിമാനം തകർന്നുവീണ് ആറുപേർ മരിച്ചു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനമാണ് തകർന്നത്. വിമാനം തകർന്നതിന്റെ ഉത്തരവാദിത്തം ഐആർജിസി ഏറ്റെടുത്തു. ഹോർമുസ് കടലിടുക്ക് തുറയ്ക്കില്ലെന്ന മുജ്തബ ഖാംനഈയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.

Similar Posts