
സൊഹ്റാൻ മംദാനി ഇന്ന് അധികാരമേൽക്കും; വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ
|ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്
ന്യൂയോർക്ക്: പുതുവർഷ നിമിഷത്തിൽ ന്യൂയോർക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാൻ സൊഹ്റാൻ മംദാനി. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ.
1945ൽ ഉപേക്ഷിക്കപ്പെട്ട സിറ്റി ഹാൾ സബ്‍വേ സ്റ്റേഷനാണ് സത്യപ്രതിജ്ഞയ്ക്ക് വേദിയാകുന്നത്. നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവർഗ പോരാട്ടത്തേയും കുറിക്കുന്നതാണ് സിറ്റി ഹാളെന്ന് മംദാനി പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 10.30നാണ് ന്യൂയോർക്കിൽ പുതുവർഷം പിറക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഖുർആൻ്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിർന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. ന്യൂയോർക് അറ്റോണി ജനറലായിരിക്കും മംദാനിക്ക് സത്യപ്രതിജഞ ചൊല്ലിക്കൊടുക്കുക.
ന്യൂയോർക്ക് മേയർമാർ പതിവായി ചെയ്യുന്നതുപോലെ മംദാനിയും രണ്ടു സത്യപ്രതിജ്ഞകൾ നടത്തും. പുതുവത്സരത്തിൽ പഴയ സബ്‌വേ സ്റ്റേഷനിലാകും ആദ്യ സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളും ഉറ്റവരും മാത്രം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്ത് പൊതുജനങ്ങളെ സാക്ഷിയാക്കിയാകും രണ്ടാമത്തെ സത്യപ്രതിജ്ഞ. ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറും ഏഷ്യൻവംശജനായ ആദ്യ മേയറുമാണ് മംദാനി.
ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറും ഏഷ്യൻവംശജനായ ആദ്യ മേയറുമാണ് മംദാനി. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ്, അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ , സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് കാത്തിരിക്കുകയാണ് ജനം.