< Back
Art and Literature
ചിരി തുടങ്ങുന്നിടം
Click the Play button to hear this message in audio format
Art and Literature

ചിരി തുടങ്ങുന്നിടം

അക്ബര്‍
|
28 April 2022 10:19 AM IST

| കവിത



ഒരിക്കല്‍ മലയിറങ്ങി വന്ന

കാറ്റില്‍ നിലവിളികള്‍

പാറിനടന്നു.

മലകള്‍ക്കപ്പുറത്ത്

ഏതു നാട്ടില്‍ നിന്നാവാം നിലവിളി

പൂമ്പാറ്റകള്‍ പോലെ

ചിറകടിച്ച് പറന്നുപൊങ്ങിയത്?

അവിടുള്ള വീടുകളെ ഓര്‍ത്തു.

വീടുകള്‍ക്കുള്ളിലെ

പകച്ച കണ്ണുകളെ കണ്ടു.

വീടുകളാകെ മാന്തിയെടുക്കുന്ന

ഒച്ചയില്‍ നിന്നാവാം

നിലവിളികള്‍ ഉയര്‍ന്ന് പാറിയത്

ആരും കേട്ടില്ലത്!

ഇപ്പോള്‍, എന്റെ കാതുകളെ

തൊട്ട് മുറിച്ചുക്കൊണ്ടിരിക്കുന്നു.

വെയിലും മഴയും വരുന്ന

മലകള്‍ക്കപ്പുറം

നിലവിളിയുണ്ടാവുന്ന മരങ്ങളുണ്ടെന്ന്

കുഞ്ഞുങ്ങളോട് പറഞ്ഞു

കുഞ്ഞുങ്ങള്‍ അതുകേട്ട് ചിരിച്ചു

അല്ലെങ്കിലും നിലവിളികള്‍

ചിരിയെ പോലെ അത്ര

നിഷ്‌കളങ്കമല്ലല്ലോ!

കരച്ചിലിന്റെ വീടുകള്‍ക്ക് ഇപ്പുറത്ത്,

മലകള്‍ക്കും മരങ്ങള്‍ക്കുമിപ്പുറത്ത്,

വീടിനുള്ളിലെ മുറിയില്‍

മുറിയിലെ മുറിയില്‍

ഞാന്‍ ചിരി തുടങ്ങുന്നു.

കരച്ചില്‍ ചിരിയാവുന്നു.




Similar Posts