< Back
Auto News
car sales report january 2026
Auto News

മുന്നില്‍ നെക്‌സോണ്‍, സെഡാൻ്റെ ഫാന്‍ ബേസ് ഉറപ്പിച്ച് ഡിസയര്‍; ജനുവരിയില്‍ കൂടുതല്‍ വിറ്റ കാറുകള്‍ ഇവ

Web Desk
|
5 Feb 2026 11:06 PM IST

ഇന്ത്യന്‍ കാര്‍ വിപണിക്ക് പുതുവര്‍ഷം മികച്ച തുടക്കം. 4,52,589 കാറുകളാണ് ജനുവരിയില്‍ ആകെ വിറ്റത്. 2025 ജനുവരിയില്‍ 4,01,538 കാറുകള്‍ വിറ്റ സ്ഥാനത്ത് 12.7 ശതമാനം വര്‍ധനവാണുണ്ടായത്.

ഇന്ത്യന്‍ കാര്‍ വിപണിക്ക് പുതുവര്‍ഷം മികച്ച തുടക്കം. 4,52,589 കാറുകളാണ് ജനുവരിയില്‍ ആകെ വിറ്റത്. 2025 ജനുവരിയില്‍ 4,01,538 കാറുകള്‍ വിറ്റ സ്ഥാനത്ത് 12.7 ശതമാനം വര്‍ധനവാണുണ്ടായത്. മുന്‍ മാസമായ ഡിസംബറിനെ അപേക്ഷിച്ചും 12 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്‌സോണ്‍ ആണ് വില്‍പ്പനക്കണക്കില്‍ മുന്നില്‍. 23,365 കാറുകളാണ് ജനുവരിയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 15,397 ആയിരുന്നു വില്‍പ്പന. നെക്സോണിന്റെ ആകെ വില്‍പ്പന 10 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. 19.91 ശതമാനമാണ് നെക്‌സോണിന്റെ വിപണിവിഹിതം.

വില്‍പ്പനയില്‍ രണ്ടാമത് മാരുതി സുസുക്കിയുടെ സെഡാന്‍ കാറായ ഡിസയര്‍ ആണ്. 19,629 കാറുകളാണ് ജനുവരിയില്‍ വിറ്റത്. ഒരുകാലത്ത് വിപണിയില്‍ പിന്നാക്കം പോയ സെഡാന്‍ കാറുകള്‍ ജനപ്രീതി നേടുന്നതിന്റെ സൂചനയാണ് ഡിസയറിന്റെ മുന്നേറ്റം. 10.85 ശതമാനമാണ് ഡിസയറിന്റെ വിപണി വിഹിതം.

ടാറ്റയുടെ കുഞ്ഞന്‍ എസ്.യു.വി പഞ്ചാണ് വില്‍പ്പനക്കണക്കില്‍ മൂന്നാമത്. മിഡില്‍ ക്ലാസിന്റെ പ്രിയ വാഹനമായ പഞ്ച് വില്‍പ്പനയില്‍ ഡിസയറിന് തൊട്ടുപിന്നിലുണ്ട്. 19,257 കാറുകളാണ് വിറ്റത്. 10.64 ശതമാനമാണ് വിപണി വിഹിതം.

ഹ്യുണ്ടായ് നിരയിലെ കരുത്തനായ ക്രെറ്റയാണ് വില്‍പ്പനയില്‍ നാലാമന്‍. 17,921 കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 18,522 കാറുകള്‍ വിറ്റിരുന്നു. 9.91 ശതമാനമാണ് വിപണി വിഹിതം.

അഞ്ചാം സ്ഥാനത്ത് മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയാണ്. 17,892 കാറുകളാണ് വിറ്റത്. 25.58 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവുണ്ടായി. 9.89 ശതമാനമാണ് വിപണി വിഹിതം.

മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റാണ് ആറാം സ്്ഥാനത്ത് (17,806 കാറുകള്‍ വിറ്റു). ബ്രെസ്സ (17,486 കാറുകള്‍) ഏഴാം സ്ഥാനത്തും, ബലേനോ (16,782 കാറുകള്‍) എട്ടാം സ്ഥാനത്തുമുണ്ട്. മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ ആണ് 15,542 കാറുകള്‍ വിറ്റ് ഒമ്പതാം സ്ഥാനത്ത്. മാരുതിയുടെ ഏറ്റവും പുതിയ വാഹനമായ വിക്ടോറിസ് 15,240 യൂണിറ്റുകള്‍ വിറ്റ് പത്താം സ്ഥാനത്തുണ്ട്.

ജനുവരിയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റത് മാരുതി തന്നെയാണ്. 1,74,529 കാറുകളാണ് മാരുതി ആകെ വിറ്റത്. ടാറ്റ വന്‍ കുതിപ്പ് നടത്തി പിന്നാലെയുണ്ട്. 46 ശതമാനം വാര്‍ഷിക വര്‍ധനയില്‍ 70,222 കാറുകളാണ് ടാറ്റ ആകെ വിറ്റത്. മൂന്നാമതുള്ള മഹീന്ദ്ര 63,510 കാറും, നാലാമതുള്ള ഹ്യുണ്ടായി 59,107 കാറും വിറ്റു. 30,630 കാര്‍ വിറ്റ ടൊയോട്ടയാണ് അഞ്ചാമത്.

Similar Posts