< Back
Auto News
Ola Electric Market Share Falls To 3.5%, Exits Top Five In February
Auto News

ഒലയുടെ വന്‍ വീഴ്ച; ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്, വില്‍പ്പനയില്‍ 47 ശതമാനത്തിൻ്റെ ഇടിവ്

ശരത് ലാൽ തയ്യിൽ
|
2 March 2026 1:34 PM IST

ഒലയുടെ മാര്‍ക്കറ്റ് വിഹിതം വെറും 3.55 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒരുകാലത്ത് രാജാവായി വിലസിയ ഒല ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്. ഏറെക്കാലമായി തിരിച്ചടി നേരിടുന്ന ഒലയ്ക്ക് ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ 47 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. മാര്‍ക്കറ്റ് വിഹിതം വെറും 3.55 ശതമാനമായി കുറഞ്ഞു.

വെറും 3968 സ്‌കൂട്ടറുകള്‍ മാത്രമാണ് ഒലയ്ക്ക് ഫെബ്രുവരിയില്‍ വില്‍ക്കാനായാത്. ജനുവരിയില്‍ 7511 സ്‌കൂട്ടറുകള്‍ വിറ്റിരുന്നു. വില്‍പ്പന കുറഞ്ഞതോടെ ഒല ആദ്യ അഞ്ചില്‍ നിന്നും പുറത്തായി. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയാണ് ഒലയെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയത്.

വാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 1,11,680 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് ഫെബ്രുവരിയില്‍ രാജ്യത്ത് ആകെ വിറ്റത്. ജനുവരി വില്‍പ്പനയെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായി.





മുന്നില്‍ ടിവിഎസ് തന്നെ, പിന്നാലെ ബജാജും ഏഥറും

മികച്ച വില്‍പ്പന നേടുന്ന ഐക്യൂബിന്റെ പിന്‍ബലത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് വില്‍പ്പനയില്‍ മുന്നില്‍. 31,600 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ആകെ വിറ്റത്. 28.3 ശതമാനം വിപണി വിഹിതം ഇവര്‍ക്കുണ്ട്.

25,323 ചേതക് സ്‌കൂട്ടറുകള്‍ വിറ്റ് ബജാജ് ഓട്ടോ രണ്ടാമതുണ്ട്. 22.67 ശതമാനമാണ് വിപണി വിഹിതം. മൂന്നാമതുള്ള ഏഥര്‍ എനര്‍ജി 20,581 സ്‌കൂട്ടറുകളാണ് വിറ്റത്. 18.43 ശതമാനമാണ് വിപണി വിഹിതം. ഹീറോ മോട്ടോര്‍കോര്‍പിന്റെ വിഡയാണ് വില്‍പ്പനയില്‍ നാലാമത്. 12,512 സ്‌കൂട്ടറുകള്‍ വിറ്റു. 11.2 ശതമാനമാണ് വിപണി വിഹിതം.

അഞ്ചാം സ്ഥാനത്തേക്ക് കയറിയ ആമ്പിയര്‍ ബ്രാന്‍ഡിന്റെ നിര്‍മാതാക്കളായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി 4479 സ്‌കൂട്ടറുകള്‍ പോയ മാസം വിറ്റു. 4.23 ശതമാനത്തിന്റെ വിപണി വിഹിതമാണ് ഗ്രീവ്‌സിനുള്ളത്.

ബിഗോസ്സ്, റിവര്‍ ഇന്‍ഡി, ഇ-സ്പ്രിന്റോ എന്നീ കമ്പനികളാണ് ഒലക്ക് പിന്നാലെയുള്ള സ്ഥാനങ്ങളില്‍. 10ാം സ്ഥാനത്ത് പ്യുവര്‍ ഇവിയെ മറികടന്ന് സിംപിള്‍ എനര്‍ജി എത്തി.

Similar Posts