< Back
Auto
വാഹന വിപണിയില്‍ വന്‍ മാറ്റത്തിനൊരുങ്ങി കേന്ദ്രം; ഇലക്ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുത്തനെ കുറക്കും
Auto

വാഹന വിപണിയില്‍ വന്‍ മാറ്റത്തിനൊരുങ്ങി കേന്ദ്രം; ഇലക്ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുത്തനെ കുറക്കും

Web Desk
|
9 Aug 2021 7:10 PM IST

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. മൂന്ന് മില്യനോളം കാറുകളാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇതില്‍ ഭൂരിഭാഗവും 20,000 ഡോളറില്‍ താഴെ മൂല്യമുള്ളവയാണ്.

രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കാറിന്റെ വിലയും ഇന്‍ഷൂറന്‍സും മറ്റു ചെലവുകളും അടക്കം 40,000 ഡോളറില്‍ താഴെ മൂല്യമുള്ള വാഹനങ്ങളുടെ നികുതി 60 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി കുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

40,000 ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള വാഹനങ്ങളുടെ ഇറക്കുമതി നികുതി 100 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി കുറക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. മൂന്ന് മില്യനോളം കാറുകളാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇതില്‍ ഭൂരിഭാഗവും 20,000 ഡോളറില്‍ താഴെ മൂല്യമുള്ളവയാണ്. ഇതില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ വളരെ കുറവാണ്. ഇത് വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നികുതി കുറക്കണമെന്ന ആവശ്യം ടെസ്‌ല മുന്നോട്ടുവെച്ചത്. അതേസമയം വിദേശ കാര്‍ കമ്പനികള്‍ വിപണി കയ്യടക്കുന്നത് ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്ക നിലവിലുണ്ട്. ആഭ്യന്തര വിപണിയെ സഹായിക്കുന്ന തരത്തില്‍ പ്രാദേശികമായി കാറുകള്‍ നിര്‍മിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ടെസ്‌ല തയ്യാറാണെങ്കില്‍ നികുതി കുറക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഇറക്കുമതി നികുതി കുറക്കണമെന്ന ആവശ്യവുമായി മേഴ്‌സിഡസ് ബെന്‍സ്, ഓഡി തുടങ്ങിയ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ആഭ്യന്തര കാര്‍ നിര്‍മാതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല.

ടെസ് ലയുടെ പുതിയ നീക്കത്തിന് മേഴ്‌സിഡന്‍സ് ബെന്‍സ്, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികളുടെ പിന്തുണയുണ്ട്. അതേസമയം ടാറ്റ മോട്ടോര്‍സ്, ഇലക്ട്രിക് സ്‌കൂട്ടറുകളായ ഓലയുടെ നിര്‍മാതാക്കളായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് എന്നിവ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.

Related Tags :
Similar Posts