< Back
Auto
ലാസ് വേഗാസ് സ്‌ഫോടനം.. ടയർ പൊട്ടിയില്ല, ഡോറുകൾ അടഞ്ഞ് തന്നെ; തകരാതെ  സൈബർ ട്രക്ക്
Auto

ലാസ് വേഗാസ് സ്‌ഫോടനം.. ടയർ പൊട്ടിയില്ല, ഡോറുകൾ അടഞ്ഞ് തന്നെ; തകരാതെ സൈബർ ട്രക്ക്

Web Desk
|
3 Jan 2025 10:06 PM IST

സൈബർ ട്രക്കിന്റെ സ്‌റ്റെയിൻലെസ് സ്റ്റീൽ ഡിസൈൻ സ്‌ഫോടനത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായെന്ന് നിരീക്ഷണം

വാഷിങ്ടൺ: ഈ വർഷം യുഎസ് കൺതുറന്നത് ലാസ് വേഗാസിലെ ട്രംപ് ടവറിന് മുന്നിൽ നടന്ന സ്‌ഫോടനത്തിന്റെ വാർത്തകൾക്കായിരുന്നു. പെട്രോൾ കാനുകളും പടക്കങ്ങളും നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചതിൽ വാഹനത്തിന്റെ ഡ്രൈവർ മരിക്കുകയും ഏഴാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിന്റെ ബെഡിലായിരുന്നു സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

സ്‌ഫോടനത്തിന്റെ ദാരുണ വാർത്തകൾക്കിടയിൽ അപകടം നടന്ന സൈബർ ട്രക്കിന്റെ ചിത്രം പുറത്തുവന്നിരുന്നു. കുറച്ചു ഭാഗത്തെ കേടുപാടുകൾ ഒഴിച്ചാൽ ട്രക്ക് അധികം പരിക്കുകളില്ലാത്ത അവസ്ഥയിലാണെന്നതാണ് ഏറെ കൗതുകം.

ട്രക്കിന്റെ ഡോറുകൾ അടഞ്ഞ് തന്നെയായിരുന്നു, സ്‌ഫോടനം നടന്ന ബെഡിന്റെ ഡോറും അടഞ്ഞ് കിടക്കുകയായിരുന്നു. ചക്രങ്ങൾ പൊട്ടുക പോലും ചെയ്തിരുന്നില്ല.

ട്രക്കിന്റെ വ്യത്യസ്തമായ ഡിസൈൻ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമായെന്ന് ലാസ് വേഗാസ് പൊലീസ് നിരീക്ഷിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഭൂരിഭാഗം ആഘാതവും ട്രക്ക് ഏറ്റെടുത്തെന്നും ഭാക്കി ഊർജം ബെഡിന്റെ കവർ തുറന്ന് മുകളിലേക്കും മുൻ ഗ്രാസിലൂടെയുമാണ് പുറത്തേക്ക് പോയതെന്നും പൊലീസ് നിരീക്ഷിച്ചു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ട്രക്കിന്റെ ബുള്ളറ്റ് പ്രൂഫ് ബോഡി സ്‌ഫോടനത്തിന്റെ ആഘാതം വശങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ട്രംപ് ടവറിന്റെ അടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെങ്കിൽ പോലും വാതിലിന്റെ ഗ്ലാസുകൾ പോലും തകർന്നിരുന്നില്ല.

തീവ്രവാദ ആക്രമണം നടത്താൻ തെരഞ്ഞെടുത്ത വാഹനം അബദ്ധമായിപ്പോയെന്നാണ് മസ്‌ക് സ്‌ഫോടനം നടന്ന ട്രക്കിന്റെ ചിത്രം പങ്കുവെച്ച് തന്റെ എക്‌സിൽ കുറിച്ചത്.

ഏറ്റവും സുരക്ഷിതമായ ട്രക്ക് എന്ന രീതിയിലായിരുന്നു മസ്‌ക് സൈബർ ട്രക്ക് അവതരിപ്പിച്ചത്. മുന്തിയ ഇനം സ്റ്റെയിൻലെസ് സ്റ്റീലായ 30എക്‌സ് കൊണ്ട് നിർമിച്ച സൈബർ ട്രക്ക് ബുള്ളറ്റ് പ്രൂഫാണെന്നും ബ്ലാസ്റ്റ് പ്രൂഫാണെന്നും മസ്‌ക് അവകാശപ്പെട്ടിരുന്നു.

എന്നാൽ സ്ഫോടനം ചെറുതായതിനാലാണ് ട്രക്കിന് അധികം കേടുപാടുകൾ പറ്റാതിരുന്നതെന്നും നിരീക്ഷണങ്ങളുണ്ട്.

Similar Posts