Auto
പുതിയ രൂപം, ഫീച്ചറുകൾ, കൂടുതൽ കരുത്ത്;   പുതിയ മാരുതി സുസുക്കി ആൾട്ടോ ഉടന്‍
Auto

പുതിയ രൂപം, ഫീച്ചറുകൾ, കൂടുതൽ കരുത്ത്; പുതിയ മാരുതി സുസുക്കി ആൾട്ടോ ഉടന്‍

Web Desk
|
20 July 2022 4:43 PM IST

ഇതുവരെ 41 ലക്ഷം ആൾട്ടോകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയിട്ടുള്ളത്. ഇന്ത്യക്കാർക്ക് അത്രയും പരിചിതമായ ആൾട്ടോയുടെ രൂപത്തിൽ ഏറ്റവും വലിയ മാറ്റത്തിനാണ് മാരുതി ഇപ്പോൾ തയാറെടുക്കുന്നത്.

വർഷങ്ങളായി ഇന്ത്യൻ കാർ വിപണിയുടെ മുഖമായിരിക്കുന്ന കാറാണ് മാരുതി സുസുക്കി ആൾട്ടോ 800. ആദ്യ ജനറേഷൻ ഇറങ്ങിയ അന്ന് മുതൽ ഇന്ത്യയിലെ കാർ വിൽപ്പന ചാർട്ടിൽ നിന്ന് ആൾട്ടോ അല്ലെങ്കിൽ ആൾട്ടോ 800 ഇല്ലാത്ത മാസങ്ങൾ ചുരുക്കമാണ്. സാധാരണക്കാർക്ക് ഇത്രയും പ്രിയപ്പെട്ടതായി മറ്റൊരു കാറും ഇന്നോളും ഇന്ത്യൻ നിരത്തിലിറങ്ങിയിട്ടില്ല. ഇപ്പോൾ കാലങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ആൾട്ടോയുടെ ഏറ്റവും പുതിയ തലമുറ പുറത്തിറക്കുയാണ് മാരുതി.

പുതിയ ആൾട്ടോയിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം കാലങ്ങളായി ആൾട്ടോയ്ക്ക് കരുത്ത് പകരുന്ന 796 സിസി എഞ്ചിനൊപ്പം മറ്റൊരു എഞ്ചിൻ ഓപ്ഷൻ കൂടി വാഹനത്തിന് വരുന്നു എന്നതാണ്. പുതിയ സെലേറിയോയിലും എസ് പ്രസോയിലും അവതരിപ്പിച്ച പുതിയ K10C 1.0 ലിറ്റർ ഡ്യൂവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഇനി ആൾട്ടോയുടെയും ഹൃദയമായി മാറും. 67 എച്ച്പി പവറും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. നിലവിലെ എഞ്ചിനേക്കാളും യഥാക്രമം 79 എച്ച്പി 20 എൻഎം എന്നിവ അധികമാണ് ഈ മോഡലിന്. എന്നാൽ 796 എഞ്ചിൻ ഓപ്ഷനും വാഹനത്തിന് നൽകുമെന്നാണ് ഒരു സൂചന. കരുത്തും മൈലേജും കൂടിയ എഞ്ചിൻ വന്നത് ആൾട്ടോയുടെ വിൽപ്പന ഇനിയും കൂട്ടുമെന്നാണ് മാരുതി കണക്കുകൂട്ടുന്നത്. സിഎൻജി വേർഷൻ ആൾട്ടോയും ഉടൻ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2000 ൽ പുറത്തിറങ്ങിയ ശേഷം ഇതുവരെ 41 ലക്ഷം ആൾട്ടോകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയിട്ടുള്ളത്. ഇന്ത്യക്കാർക്ക് അത്രയും പരിചിതമായ ആൾട്ടോയുടെ രൂപത്തിൽ ഏറ്റവും വലിയ മാറ്റത്തിനാണ് മാരുതി ഇപ്പോൾ തയാറെടുക്കുന്നത്. 2012 ലാണ് ഇതിന് മുമ്പ് ആൾട്ടോ 800 എന്ന പേരിൽ വലിയ രൂപമാറ്റത്തിന് മാരുതി തയാറായത്. 2019 ൽ ചെറിയ അപ്‌ഡേറ്റും നൽകിയിരുന്നു.

ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഡിസൈനിലാണ് പുതിയ ആൾട്ടോ പുറത്തിറങ്ങുക. കൂടുതൽ ഷാർപ്പർ ആയ ഡിസൈനാണ് പുതിയ ആൾട്ടോയ്ക്കുണ്ടാകുക. ഗ്രില്ലും ഹെഡ് ലൈറ്റും എല്ലാത്തിനും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വീൽ സൈസ് 13 ഇഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഡോറിന്റെ വലിപ്പവും വർധിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് വന്നാൽ ഉയർന്ന വേരിയന്റുകളിൽ മാരുതി സുസുക്കിയുടെ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഉൾപ്പെടുത്തിയ ടച്ച് സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും പ്രതീക്ഷിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ, എല്ലാ ഡോറിലും പവർ വിൻഡോകൾ ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ റിയർ വൈപ്പർ പോലെയുള്ള ഫീച്ചറുകളിലേക്ക് കടക്കാൻ സാധ്യതയില്ല. സുരക്ഷാ നിയമങ്ങൾ കർശനമാക്കിയതോടെ സുരക്ഷാ ഫീച്ചറുകളിലും വർധനവുണ്ടാകും.

വാഹനം എന്ന് പുറത്തിറക്കുമെന്ന് മാരുതി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ഈ വർഷം ഓഗസ്റ്റ് അവസാനം പുറത്തിറക്കുമെന്നാണ് സൂചന.

Similar Posts