< Back
Auto
നഷ്ടം കുറക്കണം; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല
Auto

'നഷ്ടം കുറക്കണം'; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല

Web Desk
|
3 March 2025 3:57 PM IST

കഴിഞ്ഞ നവംബറിലും കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു

മുംബൈ: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ 'ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്' ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങുന്നു. നഷ്ടം കുറക്കുന്നതിന് വേണ്ടിയാണ് തൊഴിലാളികളുടെ മേല്‍ കമ്പനി 'കൈവെക്കുന്നത്' എന്നാണ് വിവരം.

ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, കസ്റ്റമര്‍ റിലേഷന്‍ ഉള്‍പ്പെടെ കമ്പനിയുടെ ഒന്നിലധികം വകുപ്പുകുളിലെ തൊഴിലാളികളെയാണ് പറഞ്ഞുവിടുന്നത്. മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ നവംബറിലും കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അന്ന് 500 പേരെയാണ് പിരിച്ചുവിട്ടത്. നഷ്ടത്തിലാണിപ്പോള്‍ കമ്പനിയുടെ പോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ നഷ്ടത്തിൽ 50% വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.

2024 ഓ​ഗസ്റ്റിൽ ഓഹരികൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് ഇടിഞ്ഞിരുന്നു. വർധിക്കുന്ന ഉപഭോക്തൃ പരാതികൾ, സാമൂഹിക മാധ്യമങ്ങളിലെ വിമർശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ കമ്പനിക്ക് ആധിപത്യം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് കാലക്രമേണ പിരിച്ചുവിടൽ പദ്ധതികൾ മാറിയേക്കാമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

Related Tags :
Similar Posts