< Back
Auto
മൂന്നാം തലമുറ മാരുതി സുസുക്കി ആൾട്ടോയുടെ ചിത്രങ്ങള്‍ പുറത്ത്
Auto

മൂന്നാം തലമുറ മാരുതി സുസുക്കി ആൾട്ടോയുടെ ചിത്രങ്ങള്‍ പുറത്ത്

Web Desk
|
2 Nov 2021 9:20 AM IST

ആൾട്ടോയുടെ ആ പൊതുരൂപഭാവത്തെ ചോദ്യം ചെയ്യാതെയാണ് പുതിയ വാഹനവും. എന്നിരുന്നാലും കാലത്തിന്റേതായ മാറ്റങ്ങളും വാഹനത്തിന് വന്നിട്ടുണ്ട്. എല്ലാ വാഹനങ്ങളും എസ്.യു.വി രൂപഭാവങ്ങളുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആൾട്ടോ ഹാച്ച് ബാക്കായി തുടരാനാണ് ഇഷ്ടപ്പെടുന്നത് എന്നുവേണം കരുതാൻ.

ഇന്ത്യക്കാരെ ഒരു കാറിന്റെ സുഖസൗകര്യങ്ങൾ ആദ്യമായി പഠിപ്പിച്ചുകൊടുത്ത മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യൻ നിരത്തുകളിൽ കോമണായി ഉള്ളത് എന്താണെന്നു ചോദിച്ചാൽ ഘട്ടറും ആൾട്ടോയുമാണ്.

2000 മുതൽ ആൾട്ടോ എന്ന വാഹനത്തെ ഇന്ത്യക്കാർ കാണുന്നുണ്ട്. പിന്നീട് ആൾട്ടോ 800 എന്ന പേരിലിറങ്ങിയ രണ്ടാം തലമുറ വാഹനത്തെയും ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതുംകഴിഞ്ഞ് അൽപ്പമൊന്ന് മുഖം മിനുക്കി ഇറക്കി ആൾട്ടോ എന്ന പേരിലേക്ക് തിരിച്ചുപോയപ്പോഴും അവൻ നമ്മുക്ക് പ്രിയങ്കരനായിരുന്നു. 2012 ലാണ് ഇപ്പോൾ വിൽക്കുന്ന ആൾട്ടോ ഇന്ത്യൻ മാർക്കറ്റിലെത്തിയത്. ഇപ്പോഴും എല്ലാ മാസവും ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ ആദ്യ സ്ഥാനത്ത് ആൾട്ടോയാണ്.

ഇപ്പോൾ ആൾട്ടോയുടെ മൂന്നാം തലമുറ വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി. വാഹനത്തിന്റെ ടെസ്റ്റ് റണ്ണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആൾട്ടോയുടെ ആ പൊതുരൂപഭാവത്തെ ചോദ്യം ചെയ്യാതെയാണ് പുതിയ വാഹനവും. എന്നിരുന്നാലും കാലത്തിന്റേതായ മാറ്റങ്ങളും വാഹനത്തിന് വന്നിട്ടുണ്ട്. എല്ലാ വാഹനങ്ങളും എസ്.യു.വി രൂപഭാവങ്ങളുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആൾട്ടോ ഹാച്ച് ബാക്കായി തുടരാനാണ് ഇഷ്ടപ്പെടുന്നത് എന്നുവേണം കരുതാൻ. ഇതൊരു പ്രോട്ടോടൈപ്പ് മോഡലായത് കൊണ്ടു തന്നെ ഇതുതന്നെയാകും നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ രൂപമെന്ന് ഉറപ്പിക്കാൻ വയ്യ. എന്നിരുന്നാലും ഏറെക്കുറെ അതിന് സാമ്യമായിരിക്കും പുറത്തിറങ്ങുന്ന മോഡൽ.

പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ, വലിപ്പം കൂടിയ ഗ്രിൽ, സൈഡിലേക്ക് വരുമ്പോൾ നിലവിലെ ആൾട്ടോയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല. പിറകിലെ ഡിസൈനിലും പ്രകടമായ മാറ്റങ്ങൾ വരുത്താൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ മാരുതി ശ്രമിക്കാൻ സാധ്യതയുണ്ട്. ടാറ്റ പോലുള്ള ബ്രാൻഡുകളിൽ നിന്ന് നേരിടുന്ന കടുത്ത മത്സരമാണ് മാരുതിയെ ഇതിന് പ്രേരിപ്പിക്കുന്നത്.

വാഹനത്തിന്റെ എഞ്ചിനിൽ മാറ്റം വരുത്തുക എന്ന സാഹസത്തിന് മാരുതി പോകാൻ സാധ്യതയില്ല. 796 സിസി പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും മൂന്നാം തലമുറക്കും കരുത്ത് പകരുക. ഇന്ധനക്ഷമത വർധിപ്പിക്കാനുള്ള പൊടിക്കൈകൾ ചിലപ്പോൾ കൂട്ടിച്ചേർത്തേക്കാം.

അടുത്തവർഷം ജൂണിന് ശേഷമായിരിക്കും വാഹനം പുതിയ ആൾട്ടോ പുറത്തിറങ്ങാൻ സാധ്യത. അതിന് മുമ്പ് തന്നെ ഈ മാസം പുതിയ സെലേറിയോ അടുത്ത വർഷം ഫെബ്രുവരിയിൽ പുതിയ ബലേനോയും മാരുതിയിൽ നിന്ന് പുറത്തുവരും.

Similar Posts