< Back
Auto
urban cruiser taisor
Auto

ടൊയോട്ടയുടെ പുതിയ എസ്.യു.വി; അർബൻ ക്രൂയിസർ ടൈസർ പുറത്തിറക്കി

Web Desk
|
3 April 2024 3:01 PM IST

മാരുതി ഫ്രോങ്ക്സിന്റെ റീബാഡ്ജഡ് പതിപ്പാണിത്

ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹനമായ അർബൻ ക്രൂയിസർ ടൈസർ പുറത്തിറക്കി. മാരുതി ഫ്രോങ്ക്സിന്റെ റീബാഡ്ജഡ് പതിപ്പാണിത്. വാഹനം 11,000 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്. വിൽപ്പന 2024 മേയിൽ ആരംഭിക്കും.

വാഹനത്തിന്റെ രൂപം ഫ്രോങ്ക്സിനോട് സമാനമാണെങ്കിലും ഗ്രില്ല്, മുന്നിലെയും പിന്നിലെയും എൽ.ഇ.ഡി ലൈറ്റുകൾ, അലോയ് വീലുകൾ എന്നിവയെല്ലാം വ്യത്യാസപ്പെടുത്തിയിട്ടുണ്ട് ടൊയോട്ട. ഇന്റീരിയരും ഫ്രോങ്ക്സിനോട് സമാനമാണ്. കറുപ്പും മറൂണും നിറഞ്ഞ ഇന്റീരിയറാണ് ടൈസറിലുമുള്ളത്. കൂടാതെ ഫീച്ചറുകളും ഒരുപോലെയാണ്. ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീൻ, 360 ഡിഗ്രി കാമറ, ആറ് എയർ​ ബാഗുകൾ എന്നിവയെല്ലാം ഈ കോംപാക്ട് എസ്.യു.വിയിലുണ്ട്.

1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ്, 1 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളിൽ ടൈസർ ലഭ്യമാണ്. 1.2 ലിറ്റർ എൻജിന്റെ പരമവാധി പവർ 90 പി.എസും ടോർക്ക് 113 എൻ.എമ്മുമാണ്. 1 ലിറ്റർ ടർബോ പെട്രോളിന്റെ പവർ 100 പി.എസും 148 എൻ.എം ടോർക്കുമാണ്. അതേസമയം, സി.എൻ.ജി വകഭേദത്തിൽ പവർ 77.5 പി.എസും ടോർക്ക് 98.5 എൻ.എമ്മുമാണുള്ളത്.

7.74 ലക്ഷം മുതൽ 13.04 ലക്ഷം രൂപ (എക്സ് ഷോറൂം) വരെയാണ് വാഹനത്തിന്റെ വില. ഫ്രോങ്ക്സിനെ അപേക്ഷിച്ച് വില അൽപ്പം കൂടുതലാണ് ടൈസറിന്.

E, S, S+, G, V എന്നീ വേരിയന്റുകളാണ് ടൈസറിനുള്ളത്. E വേരിയന്റിൽ സി.എൻ.ജി വകഭേദവും ലഭ്യമാണ്. S, S+ എന്നീ വേരിയന്റുകളിൽ 5 സ്പീഡ് എ.എം.ടി ​ട്രാൻസ്മിഷനുണ്ട്. G, V വേരിയന്റുകളിലാണ് ടർബോ പെട്രോൾ എൻജിൻ ലഭ്യമാവുക. ഈ വേരിയന്റുകളിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇടംപിടിച്ചിരിക്കുന്നു.

നിലവിൽ ഇന്ത്യയിൽ ​ടൊയോട്ടയുടെ ഏറ്റവും ചെറിയഎസ്.യു.വിയാണിത്. ​മാരുതി ഫ്രോങ്ക്സിന് പുറമെ കിയ സോണറ്റ്, ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ വാഹനങ്ങളാകും ​പ്രധാന എതിരാളികൾ. മാരുതിയും ടൊയോട്ടയും തമ്മിൽ പങ്കിടുന്ന ആറാമത്തെ വാഹനം കൂടിയാണ് ടൈസർ.

Similar Posts