< Back
Business
20 മിനിറ്റിൽ 840 കോടി!; ട്രംപിന്റെ ഇറാൻ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ നിഗൂഢ ലാഭം, വിവരങ്ങൾ ചോർന്നോ?
Business

20 മിനിറ്റിൽ 840 കോടി!; ട്രംപിന്റെ ഇറാൻ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ നിഗൂഢ ലാഭം, വിവരങ്ങൾ ചോർന്നോ?

തമീം സിപി
|
24 March 2026 11:28 PM IST

ഇതാദ്യമായല്ല ട്രംപിന്റെ പ്രധാന തീരുമാനങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ സംശയാസ്പദമായ ഇടപാടുകൾ നടക്കുന്നത്

ഇറാന് മേലുള്ള സൈനിക നീക്കം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ആഗോള വിപണിയിൽ നടന്ന അസാധാരണമായ ഇടപാടുകളാണ് ഇപ്പോൾ സാമ്പത്തിക ലോകത്ത് വലിയ ചർച്ചയാകുന്നത്. ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വെറും 15 മിനിറ്റ് മുമ്പ്, അതായത് ന്യൂയോർക്ക് സമയം രാവിലെ 6:50ഓടെ അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്‌സിലും എണ്ണ വിപണിയിലും വൻതോതിലുള്ള നിക്ഷേപങ്ങളാണ് നടന്നത്.

വിപണി നിരീക്ഷണ പ്ലാറ്റ്ഫോമായ അൺയൂഷ്വൽ വെയിൽസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രണ്ട് വൻകിട ബെറ്റുകളാണ് നടന്നത്. വിപണി ഉണരുമെന്ന് പ്രതീക്ഷിച്ച് ഏകദേശം 12,600 കോടി രൂപയുടെ എസ് ആന്റ് പി 500 ഫ്യൂച്ചേഴ്‌സ് ആണ് ആദ്യം വാങ്ങിക്കൂട്ടിയത്. ഇതിന് പിന്നാലെ, യുദ്ധഭീതി ഒഴിയുന്നതോടെ എണ്ണവില കുറയുമെന്ന് മുൻകൂട്ടി കണ്ട് 1,615 കോടി രൂപയുടെ ഓയിൽ ഫ്യൂച്ചേഴ്‌സ് വിറ്റഴിക്കുകയും ചെയ്തു. ഒരു മിനിറ്റിനുള്ളിൽ മാത്രം 4,870 കോടി രൂപയുടെ എണ്ണക്കരാറുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ഇത് സാധാരണ ഈ സമയത്ത് നടക്കാറുള്ള വ്യാപാരത്തേക്കാൾ ആറ് മടങ്ങ് കൂടുതലായിരുന്നു. പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇത്രയും വലിയൊരു തുക റിസ്‌ക് എടുത്ത് വിപണിയിൽ ഇറക്കിയതിന് പിന്നിൽ ഇൻസൈഡർ ട്രേഡിംഗ് നടന്നിട്ടുണ്ടാകാമെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.

ട്രംപിന്റെ പോസ്റ്റ് വന്നതോടെ വിപണി പ്രവചിച്ചതുപോലെ തന്നെ പ്രതികരിച്ചു. ഓഹരി വിപണി കുതിച്ചുയരുകയും എണ്ണവില കുത്തനെ ഇടിയുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറിൽ നിന്ന് 92 ഡോളറിലേക്ക് കൂപ്പുകുത്തി. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് വിലയിലും 6 ശതമാനം ഇടിവുണ്ടായി. ഈ വില വ്യതിയാനത്തിലൂടെ മാത്രം എണ്ണ വിപണിയിൽ നിന്ന് 840 കോടി രൂപയോളം ലാഭം നേടാനായി. ഓഹരി വിപണിയിലെ ലാഭം കൂടി കണക്കിലെടുത്താൽ ഇത് ഇതിലും വലിയൊരു തുകയാകാനാണ് സാധ്യത.

വിപണിയെ അമ്പരപ്പിക്കുന്നത് ഈ ഇടപാടുകളുടെ കൃത്യതയാണ്. ട്രംപിന്റെ പോസ്റ്റ് വരുന്നതിന് മുമ്പ് വിപണിയിൽ അത്തരം ഒരു സൂചനയും ഉണ്ടായിരുന്നില്ല. യാതൊരുവിധ സാമ്പത്തിക വാർത്തകളോ ഔദ്യോഗിക അറിയിപ്പുകളോ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് 14,000 കോടി രൂപ ഇത്ര കൃത്യമായി ബെറ്റ് വെച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. 25 വർഷത്തെ തന്റെ കരിയറിൽ ഇത്തരമൊരു അസാധാരണ പാറ്റേൺ കണ്ടിട്ടില്ലെന്നാണ് പ്രമുഖ ഹെഡ്ജ് ഫണ്ട് മാനേജർ മാറ്റ് വില്യം എക്‌സിൽ കുറിച്ചത്.

ഇതാദ്യമായല്ല ട്രംപ് ഭരണകൂടത്തിന്റെ പ്രധാന തീരുമാനങ്ങൾക്ക് തൊട്ടുമുമ്പ് ഇത്തരത്തിൽ സംശയാസ്പദമായ ഇടപാടുകൾ നടക്കുന്നത്. അടുത്തിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പോളിമാർക്കറ്റിലും സമാനമായ രീതിയിൽ വലിയ തുകയുടെ ബെറ്റുകൾ നടന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രതികരിച്ചത്. ഉദ്യോഗസ്ഥർ ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നത് അംഗീകരിക്കില്ലെന്നും തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts