< Back
Business
ഏറ്റെടുക്കലുകൾ ബാധ്യതയായി; ബൈജൂസിന്റെ നഷ്ടം വർധിച്ചത് 17 മടങ്ങ്
Business

ഏറ്റെടുക്കലുകൾ ബാധ്യതയായി; ബൈജൂസിന്റെ നഷ്ടം വർധിച്ചത് 17 മടങ്ങ്

Web Desk
|
16 Sept 2022 5:51 PM IST

2020-21ലെ ആകെ നഷ്ടം 4588.5 കോടി

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മൂല്യമേറിയ എജു ടെക് കമ്പനിയായ ബൈജൂസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം മുൻ വർഷത്തേതിനെ അപേക്ഷിച്ച് 17 മടങ്ങ് കൂടുതൽ. 2019-20ൽ 231.69 കോടിയുണ്ടായിരുന്ന നഷ്ടമാണ് 2020-21ൽ 4588.5 കോടി രൂപയായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 2428 കോടി രൂപയാണ്.

2019 സാമ്പത്തിക വർഷത്തിൽ 8.9 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഏറ്റെടുത്ത സ്ഥാപനങ്ങൾ നഷ്ടത്തിലായതാണ് അക്കങ്ങളിൽ പ്രതിഫലിച്ചതെന്ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ പ്രതികരിച്ചു. 'മിക്ക ഏറ്റെടുക്കലുകളും അതിവേഗ വളർച്ച കാണിച്ചവയായിരുന്നു. എന്നാൽ അവ നഷ്ടമുണ്ടാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ കൂടുതൽ വളർച്ചയുണ്ടാകും. നഷ്ടം കുറയുകയും ചെയ്യും' - അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം 20 കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഇതിനായി മൂന്നു ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

ആകെ 22.6 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പാണ് ബൈജൂസ്. എന്നാൽ കുറച്ചുമാസങ്ങളായി ഓഡിറ്റ് ചെയ്യപ്പെട്ട കണക്കുകൾ സമർപ്പിക്കാതിരുന്നത് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ബഹുരാഷ്ട്ര അക്കൗണ്ടിങ് കമ്പനിയായ ഡെലോയ്ട്ട് ഹാസ്‌കിൻസ് ആൻഡ് സെൽസാണ് കണക്കുകൾ ഓഡിറ്റ് ചെയ്തത്.



ഈ വർഷം ഏറ്റെടുത്ത ആകാശ് എജുക്കേഷൻ സർവീസിന് രണ്ടായിരം കോടി രൂപയാണ് ഇനിയും ബൈജൂസ് നൽകാനുള്ളതെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ടു ചെയ്യുന്നു. നൂറു കോടി ഡോളറിനാണ് (അന്നത്തെ മൂല്യത്തിൽ 7300 കോടി) ആകാശ് ഏറ്റെടുത്തിരുന്നത്. കരാർ തുകയിൽ 75 ശതമാനവും കൊടുത്തു വീട്ടിയിട്ടുണ്ട്.

വൈറ്റ് ഹാറ്റ് ജൂനിയറിനെ 30 കോടി ഡോളറും സിംഗപൂർ ആസ്ഥാനമായ ഗ്രേറ്റ് ലേണിങ്ങിനെ 60 കോടി ഡോളറിനുമാണ് ബൈജൂസ് ഏറ്റെടുത്തത്. 170 രാജ്യങ്ങളിലായി 15 ലക്ഷം ഉപയോക്താക്കളുള്ള സ്ഥാപനമാണ് ഗ്രേറ്റ് ലേണിങ്.

ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബെർഗും ഭാര്യ ചാൻ സുക്കർബെർഗും ചേർന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗർ ഗ്ലോബൽ, മേരി മീക്കർ, യൂരീ മിൽനർ, ടെൻസെന്റ് തുടങ്ങിയ ആഗോള നിക്ഷേപകർ പലരും ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

Related Tags :
Similar Posts