< Back
Business
What caused gold and silver to surge again
Business

ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ ഇടിയുന്നു; നിക്ഷേപകര്‍ എന്ത് ചെയ്യണം? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ശരത് ലാൽ തയ്യിൽ
|
17 Feb 2026 1:43 PM IST

സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കുതിപ്പ് കണ്ട് ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ ഇടിവില്‍ ആശങ്കയേറെയാണ്

സ്വര്‍ണവിലയും വെള്ളിവിലയും സര്‍വകാല റെക്കോഡിലേക്ക് കുതിപ്പ് നടത്തിയതിന് പിന്നാലെ വലിയ ഇടിവിലേക്കാണ് വീണത്. ഇത് ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളെയും (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) ബാധിച്ചു. പല ഇടിഎഫുകളിലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിടിവിനേക്കാള്‍ വലിയ ഇടിവുണ്ടായി. ഇതോടെ നിക്ഷേപകര്‍ പരിഭ്രാന്തിയിലായി.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കുതിപ്പ് കണ്ട് ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ആശങ്കയേറെയാണ്. ആശങ്കകള്‍ ശരിവെക്കുന്ന ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതും. തിങ്കളാഴ്ച മാത്രം പല ഇടിഎഫുകളും ഏഴ് ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളവിപണിയില്‍ വിലയിടിയുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ വിറ്റൊഴിവാകുന്നത് ഇടിഎഫ് വിലകളെ കൂപ്പുകുത്തിക്കുകയാണ്.

ഉദാഹരണത്തിന്, നിപ്പോണ്‍ ഇന്ത്യയുടെ സില്‍വര്‍ ഇടിഎഫായ സില്‍വര്‍ബീസ് 360 രൂപ വരെ ജനുവരിയില്‍ കുതിച്ചിരുന്നു. ഡിസംബര്‍ ആദ്യം 166 രൂപയായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ്. എന്നാല്‍, ജനുവരി 29ന് ആരംഭിച്ച തകര്‍ച്ചയില്‍ വലിയ ക്ഷീണം നേരിട്ടു. നിലവില്‍ 221 രൂപയിലാണ് ഇടിഎഫ് വ്യാപാരം നടക്കുന്നത്. ഗോള്‍ഡ് ബീസ് ഒരു ഘട്ടത്തില്‍ 148 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ 125ലാണ് വ്യാപാരം നടക്കുന്നത്. മറ്റ് ഇടിഎഫുകളിലും സമാനമായ രീതിയില്‍ ഇടിവുണ്ടായി.

സ്വര്‍ണം, വെള്ളി വിലകള്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ചാഞ്ചാട്ടമാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകര്‍ ജാഗ്രത കാട്ടണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. എഐ വ്യാപനത്തിന്റെ ഭാഗമായുള്ള ആഘാതവും ആഗോള ഓഹരിവിപണികളിലെ വില്‍പ്പനയും വിപണികളിലാകെ ചാഞ്ചാട്ടത്തിന് കാരണമാകുകയാണെന്ന് പൃഥ്വി ഫിന്‍മാര്‍ട്ടിന്റെ സാമ്പത്തിക വിദഗ്ധന്‍ മനോജ് കുമാര്‍ ജെയിന്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവും വെള്ളിയും വിലയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാക്ഷ്യംവഹിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഭില്‍വാരിയ മ്യൂച്ചല്‍ ഫണ്ട്‌സിലെ അംഗീകൃത ഡിസ്ട്രിബ്യൂട്ടറായ അഭിഷേക് ബില്‍വാരിയ പറയുന്നത് സ്വര്‍ണം, വെള്ളി വിലകളിലും സാങ്കേതികവിദ്യ മേഖലയിലെ ഓഹരികളിലും ഇടിവിന് സാധ്യതയുണ്ടെന്നാണ്. പ്രതീക്ഷയ്ക്കും മുകളില്‍ ഉയര്‍ന്ന യുഎസ് തൊഴില്‍ ഡാറ്റ, ഡോളറിന്റെ ഉണര്‍വ്, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയാണ് ഇതിന് കാരണമാകുകയെന്ന് ഇദ്ദേഹം പറയുന്നു. നിക്ഷേപകര്‍ക്ക് അച്ചടക്കത്തോടെയും ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയുമുള്ള നിക്ഷേപരീതിയാണ് നിര്‍ദേശിക്കുന്നത്. ഒറ്റയടിക്ക് നിക്ഷേപിക്കാതെ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) രീതിയില്‍ നിക്ഷേപിക്കുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലതെന്നും ഇദ്ദേഹം പറയുന്നു. സ്വര്‍ണം, വെള്ളി എന്നിവയെ ആകെ പോര്‍ട്ട്‌ഫോളിയോ മൂല്യത്തിന്റെ 15 ശതമാനത്തിനുള്ളില്‍ നിര്‍ത്താനുമാണ് ഭിഷേക് ബില്‍വാരിയ നിര്‍ദേശിക്കുന്നത്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യേണ്ടതാണ്)

Similar Posts