< Back
Business
വിലയിലെ ചാഞ്ചാട്ടം; സ്വർണപണയ വായ്പയിൽ നിയന്ത്രണം കടുപ്പിച്ച് ബാങ്കുകൾ

Gold Loan | Photo | Special Arrangement

Business

വിലയിലെ ചാഞ്ചാട്ടം; സ്വർണപണയ വായ്പയിൽ നിയന്ത്രണം കടുപ്പിച്ച് ബാങ്കുകൾ

Web Desk
|
23 Oct 2025 4:03 PM IST

സ്വർണവില കുത്തനെ ഉയരുകയും പിന്നാലെ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണയ വായ്പ അനുവദിക്കുന്നതിൽ നിബന്ധനകൾ കർശനമാക്കാൻ വിവിധ ബാങ്കുകൾ തീരുമാനിച്ചത്

സ്വർണവിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ സ്വർണപണയ വായ്പയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ബാങ്കുകൾ. സ്വർണവില കുത്തനെ ഉയരുകയും പിന്നാലെ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണയ വായ്പ അനുവദിക്കുന്നതിൽ നിബന്ധനകൾ കർശനമാക്കാൻ വിവിധ ബാങ്കുകൾ തീരുമാനിച്ചത്.

വായ്പ അനുപാതം കുറയ്ക്കുക, വായ്പ കാലാവധി കുറയ്ക്കുക, മാനദണ്ഡങ്ങൾ കർശനമാക്കുക തുടങ്ങിയ നടപടികളാണ് ബാങ്കുകൾ സ്വീകരിക്കുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ബാങ്കർമാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. നിലവിൽ സ്വർണത്തിന്റെ മൂല്യത്തിന്റെ 65- 70 ശതമാനമാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്.

ഉയർന്ന മൂല്യമുള്ള ഈട് ആയതിനാൽ സ്വർണവായ്പകൾ ബാങ്കുകളെ സംബന്ധിച്ചടുത്തോളം സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് സ്വർണവിപണിയിൽ അടിക്കടിയുണ്ടായ ചാഞ്ചാട്ടമാണ് ബാങ്കുകളെ ആശങ്കയിലാക്കുന്നത്. സമീപ ആഴ്ചകളിൽ സ്വർണവില 4200 ഡോളറിൽ എത്തിയിരുന്നു. ഈ ആഴ്ച ഇതിൽ ആറ് ശതമാനത്തിന്റെ കുറവുണ്ടായി. ദീപാവലി ഉത്സവ സീസണിൽ ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് ഉയർന്നതിനാൽ വിൽപ്പനയിൽ വർധന ഉണ്ടായിട്ടുണ്ട്.

പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക ആവശ്യങ്ങൾക്കാണ് ആളുകൾ പ്രധാനമായും സ്വർണപണയ വായ്പയെ ആശ്രയിക്കുന്നത്. അതുകൊണ്ട് വായ്പ എടുക്കുന്നവരുടെ മുൻകാല തിരിച്ചടവ് രീതിയും കടം വാങ്ങുന്ന പ്രവണതയുമെല്ലാം വിലയിരുത്തിയാണ് വായ്പ അനുവദിക്കുന്നത്.

Similar Posts