< Back
Business
സ്വർണവിലയിലെ കുതിച്ചുചാട്ടം വലിയ മുന്നറിയിപ്പെന്ന് സാമ്പത്തിക വിദഗ്ധൻ പീറ്റർ ഷിഫ്
Business

സ്വർണവിലയിലെ കുതിച്ചുചാട്ടം വലിയ മുന്നറിയിപ്പെന്ന് സാമ്പത്തിക വിദഗ്ധൻ പീറ്റർ ഷിഫ്

Web Desk
|
18 Oct 2025 6:17 PM IST

ഈ വർഷം സ്വർണവിലയിൽ ഏകദേശം 70 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്

സ്വർണവിലയിലെ അസാധാരണ വർധന വിപണിയിൽ വരാനിരിക്കുന്ന കുതിച്ചുചാട്ടത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ധനായ പീറ്റർ ഷിഫ്.

''ഇത് ഗുരുതരമായ സാഹചര്യമാണ്. സ്വർണവില 4370 ഡോളർ ആണ്. ഇന്ന് രാത്രി അത് 4400 ഡോളറിൽ എത്തിയേക്കാം. ഒരു ആഴ്ചക്കുള്ളിൽ 10 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. എന്തോ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നു''- ഷിഫ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചു. ഇന്ന് സ്വർണവിലയിൽ കുറവുണ്ടായെങ്കിലും വർധന തുടരുമെന്ന് തന്നെയാണ് സൂചന.

കേരളത്തിലും കഴിഞ്ഞ ദിവസമാണ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഉയർന്നത്. 97,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 95,960 രൂപയാണ് ഇന്ന് ഒരു പവന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ തുടർച്ചയായ അഞ്ചാം തവണയാണ് വെള്ളിയാഴ്ച വർധനയുണ്ടായത്. വില 1.23 ശതമാനം ഉയർന്ന് 4379.93 ഡോളറിലെത്തി. ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഇന്ത്യയിൽ ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 1,30,233 രൂപയായി ഉയർന്നിരുന്നു. ഈ വർഷം സ്വർണവിലയിൽ ഏകദേശം 70 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.

ജിയോ പൊളിറ്റിക്‌സിലെ ചലനങ്ങൾ, കേന്ദ്ര ബാങ്ക് വാങ്ങലുകൾ, ഡീ ഡോളറൈസേഷൻ പ്രവണതകൾ തുടങ്ങിയവയാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുന്നത്. റഷ്യക്കെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം നിക്ഷേപകരുടെ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഇതും സ്വർണവിലയിലെ വർധനക്ക് കാരണമായി.

Similar Posts