< Back
Business
സ്ത്രീകൾക്കായി സർക്കാർ ക്രെഡിറ്റ് കാർഡ്, ഇൻഷൂറൻസ്, വായ്പകൾ; കാത്തിരിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ
Business

സ്ത്രീകൾക്കായി സർക്കാർ ക്രെഡിറ്റ് കാർഡ്, ഇൻഷൂറൻസ്, വായ്പകൾ; കാത്തിരിക്കുന്നത് വൻ പ്രഖ്യാപനങ്ങൾ

ലാൽകുമാർ
|
6 Jan 2026 3:37 PM IST

വനിതകൾക്ക് സന്തോഷം പകരുന്ന പദ്ധതിയുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്കായുള്ള പ്രത്യേക സാമ്പത്തിക പദ്ധതികളിലായിരിക്കും ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും വിവരമുണ്ട്. രാജ്യത്തെ സാധാരണക്കാരായ വനിതകൾക്ക് സന്തോഷം പകരുന്ന പദ്ധതിയുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. സ്ത്രീകൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ വഴി വായ്പയും ഇൻഷറൻസ് പരിരക്ഷയും അടക്കം നൽകാനാണ് സർക്കാർ പദ്ധതി. വായ്പകൾ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് കവർ എന്നിവയടക്കം നൽകാൻ പദ്ധതി തയ്യാറാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) യിൽ സ്ത്രീകളുടെ അക്കൗണ്ടുകൾ വഴി വായ്പയും ഇൻഷുറൻസ് സൗകര്യങ്ങളും വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ (PMJDY) ഭാഗമാണ് ജൻ ധൻ അക്കൗണ്ട്. ബാങ്ക് സേവനങ്ങൾ ലഭ്യമല്ലാത്തവർക്ക് വേണ്ടി നടപ്പാക്കിയ സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് പ്രൊജക്ടാണിത്.

സ്ത്രീകൾ സംരംഭകരാകുന്നതിനായി ആരംഭിച്ച ഗ്രാമീണ ക്രെഡിറ്റ് സ്കോർ, സാമ്പത്തിക സഹായ പദ്ധതികൾ വിപുലീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും വിവരങ്ങളുണ്ട്. ഗ്രാമീണ സംരംഭങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ വായ്പാ സഹായം ലഭ്യമാക്കാൻ കഴിഞ്ഞ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ച 'ഗ്രാമീൺ ക്രെഡിറ്റ് സ്കോർ' നടപ്പാക്കുന്നതും സജീവ പരിഗണനയിലാണ്.

വനിതകൾക്ക് കൂടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ നീതി ആയോഗ് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ജൻ ധൻ അക്കൗണ്ടുകൾ സജീവമാക്കുന്നതിനുള്ള നിർദേശങ്ങളാണ് നീതി ആയോഗ് മുന്നോട്ടു വെച്ചത്. നിലവിൽ ജൻ ധൻ അക്കൗണ്ടുകളിലൂടെ ഇൻഷുറൻസ് കവർ നൽകുന്നുണ്ടെങ്കിലും ഇവയുടെ പരിധി വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉയർന്ന കവറേജുള്ള പോളിസികൾ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭ്യമാക്കിയേക്കും. പ്രവർത്തനരഹിതമായ ജൻ ധൻ അക്കൗണ്ടുകൾ സജീവമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. ജനസംഖ്യയുടെ നൂറുശതമാനം പേരെയും ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2047 ഓടെ 'വികസിത ഇന്ത്യ' സൃഷ്ടിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിൻ്റെ ഭാ​ഗമായാണ് നടപടിയെന്നും വിലയിരുത്തലുകളുണ്ട്.

ഉപഭോക്തൃ സൗഹൃദ നടപടികളിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചേക്കാനും സാധ്യതയുണ്ട്. ക്ലെയിം ചെയ്യാത്ത ഫണ്ടുകൾ കണ്ടെത്തൽ, ഇൻഷുറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കൽ, ശക്തമായ നിയന്ത്രണ മേൽനോട്ടം എന്നിവയിലൂടെ ഇൻഷുറൻസ് മേഖലയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Similar Posts