< Back
Business
യുപിഐ ഇടപാടുകള്‍ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ
Business

യുപിഐ ഇടപാടുകള്‍ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ

ലിസി. പി
|
14 Jan 2026 12:15 PM IST

എട്ട് രാജ്യങ്ങളിൽ നിലവിൽ യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്

ന്യൂഡല്‍ഹി:ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ.കിഴക്കന്‍ ഏഷ്യയില്‍ കേന്ദ്രീകരിച്ച് യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം നാഗരാജു അറിയിച്ചു.

ഭൂട്ടാൻ, സിംഗപ്പൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാൾ, യുഎഇ, ശ്രീലങ്ക, ഫ്രാൻസ് എന്നീ എട്ട് രാജ്യങ്ങളിൽ നിലവിൽ യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗ്ലോബൽ ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവേ നാഗരാജു പറഞ്ഞു.ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യ ഏകദേശം 50 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.ചില രാജ്യങ്ങളില്‍ യുപിഐ വികസിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി രാജ്യങ്ങളിലേക്ക്,പ്രത്യേകിച്ച് കിഴക്കന്‍ ഏഷ്യയിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.2025 ഡിസംബറിൽ യുപിഐ ഇടപാടുകൾ 21 ബില്യണിലധികം കടന്നതായും അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെ സാമ്പത്തിക സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പട്ടികജാതി,പട്ടിക വർഗ ഗുണഭോക്താക്കൾക്ക് വലിയ വായ്പകൾ നൽകുന്നതിനായി സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നുണ്ടെന്നും നാഗരാജു പറഞ്ഞു.

നിർമാണം,സേവനങ്ങൾ,വ്യാപാരം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പകൾ സുഗമമാക്കുന്നതിലൂടെ സ്ത്രീകൾക്കും പട്ടികജാതി,പട്ടിക വർഗ സമൂഹങ്ങൾക്കും ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്റ്റാൻഡ് അപ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2016 ഏപ്രിൽ മുതൽ 62,000കോടി രൂപയുടെ 275,000 വായ്പകൾ ഈ പദ്ധതിക്ക് കീഴിൽ അനുവദിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ബാങ്കിങ് ടച്ച് പോയിന്റുകൾ ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Similar Posts