< Back
Business
ഇൻഡിഗോ പ്രതിസന്ധി; ഇന്റർഗ്ലോബ് ഷെയറുകൾ എട്ട് ദിവസത്തിനിടെ 17 ശതമാനം ഇടിഞ്ഞു
Business

ഇൻഡിഗോ പ്രതിസന്ധി; ഇന്റർഗ്ലോബ് ഷെയറുകൾ എട്ട് ദിവസത്തിനിടെ 17 ശതമാനം ഇടിഞ്ഞു

Web Desk
|
9 Dec 2025 6:31 PM IST

ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്

പുതുക്കിയ പൈലറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വിമാന തടസങ്ങളെത്തുടർന്ന് ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ ഒരു ആഴ്ചയ്ക്കുള്ളിൽ ഏകദേശം 17 ശതമാനം ഇടിഞ്ഞു. പുതിയ ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) നടപ്പിലാക്കിയതിനെ തുടർന്ന് എയർലൈൻ പ്രവർത്തന പ്രശ്നങ്ങൾ നേരിടുന്നതിനാൽ, നവംബർ 27ന് 5,917 രൂപയായിരുന്ന ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരികൾ ചൊവ്വാഴ്ച ഏകദേശം 4,913 രൂപയായി കുറഞ്ഞു. ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇതുവരെ ഒരു ഇന്ത്യൻ എയർലൈൻ കമ്പനി നടത്തിയ ഏറ്റവും വലിയ ദൈനംദിന റദ്ദാക്കലാണ് ഇതെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പൈലറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളിലെ മാറ്റങ്ങളും സാങ്കേതിക തകരാറുകളുമാണ് വ്യാപകമായ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രകാരം, കഴിഞ്ഞ ആഴ്ച 2,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. റെഗുലേറ്ററുടെ ഷോ-കോസ് നോട്ടീസിന് ഇൻഡിഗോ ഔദ്യോഗിക വിശദീകരണം നൽകിയിരുന്നു.

ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരികളിൽ വലിയ ഇടിവ് സംഭവിച്ചിട്ടും, മ്യൂച്വൽ ഫണ്ടുകൾ ഇതിൽ കാര്യമായ നിക്ഷേപം (sizeable exposure) തുടർന്നും നിലനിർത്തുന്നു. ഒക്ടോബറിലെ കണക്കുകൾ പ്രകാരം, മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ മൊത്തത്തിൽ എയർലൈനിന്റെ ഏകദേശം ആറുകോടി ഓഹരികൾ കൈവശംവെച്ചിട്ടുണ്ട്, ഇതിന്റെ മൂല്യം ഏകദേശം 38,226 കോടി രൂപയാണ്.

ഏകദേശം 43 മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുടെ പോർട്ട്‌ഫോളിയോകളിൽ ഈ ഓഹരിയുണ്ട്. ഇതിൽ ഏറ്റവും വലിയ ഹോൾഡർ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ്. ഈ ഫണ്ട് ഹൗസ് ഏകദേശം 1.19 കോടി ഓഹരികൾ കൈവശംവെച്ചിരുന്നു, ഇതിന്റെ മൂല്യം ഏകദേശം 6,718 കോടി രൂപയാണ്.

എസ്ബിഐ മ്യൂച്വൽ ഫണ്ട് (88.22 ലക്ഷം ഓഹരികൾ), എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് (78.05 ലക്ഷം ഓഹരികൾ) എന്നിവ തൊട്ടുപിന്നിലുണ്ട്. കൊട്ടക് മ്യൂച്വൽ ഫണ്ടിന് ഏകദേശം 52.41 ലക്ഷം ഓഹരികളും, യുടിഐ മ്യൂച്വൽ ഫണ്ടിന് 39.04 ലക്ഷം ഓഹരികളുമാണുണ്ടായിരുന്നത്. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് 17.70 ലക്ഷം ഓഹരികളും, ബന്ധൻ മ്യൂച്വൽ ഫണ്ട് 8.60 ലക്ഷം ഓഹരികളും കൈവശം വെച്ചു. എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ട് ഏകദേശം 3.91 ലക്ഷം ഓഹരികൾ (ഏകദേശം 220 കോടി രൂപ മൂല്യം) സ്വന്തമാക്കി.

ചെറിയ എക്‌സ്‌പോഷറുകൾ ഉള്ളവരിൽ, ഹീലിയോസ് മ്യൂച്വൽ ഫണ്ടിനും യൂണിയൻ മ്യൂച്വൽ ഫണ്ടിനും ഓരോ ലക്ഷത്തിലധികം ഓഹരികളുണ്ട്. വ്യവസായത്തിലെ ഏറ്റവും പുതിയ സ്ഥാപനമായ ജിയോബ്ലാക്ക്‌റോക്ക് മ്യൂച്വൽ ഫണ്ടിന് മൊത്തം 40,244 ഓഹരികളാണുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും അവരുടെ ഫ്‌ളെക്‌സി-ക്യാപ് ഫണ്ടിലൂടെയാണ്, ചെറിയൊരു ഭാഗം നിഫ്റ്റി 50 ഇൻഡെക്‌സ് ഫണ്ടിലുമാണ്. കാപിറ്റൽമൈൻഡ് മ്യൂച്വൽ ഫണ്ട് (9,880 ഓഹരികൾ), യൂണിഫി മ്യൂച്വൽ ഫണ്ട് (6,213 ഓഹരികൾ) എന്നിവയും ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്. ടോറസ് മ്യൂച്വൽ ഫണ്ടിന് 585 ഓഹരികൾ മാത്രമാണുണ്ടായിരുന്നത്.

Similar Posts