< Back
Business
Israel-Iran conflict likely to push up crude prices
Business

യുദ്ധം രൂക്ഷം; എണ്ണവില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്

ശരത് ലാൽ തയ്യിൽ
|
1 March 2026 2:00 PM IST

വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങളാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ യുദ്ധ സാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുമെന്ന് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടായേക്കും.

ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനം വര്‍ധിച്ച് ബാരലിന് 73 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍. യുദ്ധം തുടര്‍ന്നാല്‍ 110 ഡോളര്‍ വരെ വില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആവശ്യമായതിന്റെ 90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വില വര്‍ധന വലിയ തിരിച്ചടിയാകും.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങളാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുകയാണെങ്കില്‍ വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയാകും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്സിറ്റ് മാര്‍ഗമാണ് ഹോര്‍മുസ്.

യുദ്ധം അന്താരാഷ്ട്ര വിപണികളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സ്വര്‍ണവില കുതിപ്പിലാണ്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില വര്‍ധിപ്പിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5278 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില ട്രോയ് ഔണ്‍സിന് 93.72 ഡോളര്‍ എന്ന നിലയിലുമെത്തി.

Similar Posts