< Back
Business
Musk seeks up to $134 billion from OpenAI, Microsoft in fraud lawsuit

ഇലോണ്‍ മസ്‌ക്

Business

ഒന്നും രണ്ടുമല്ല, മസ്‌കിന്‌റെ ആവശ്യം 134 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം; നല്‍കേണ്ടത് ഓപണ്‍ എഐയും മൈക്രോസോഫ്റ്റും

ശരത് ലാൽ തയ്യിൽ
|
17 Jan 2026 3:14 PM IST

2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം

ന്യൂയോര്‍ക്ക്: എഐ അതികായരും ചാറ്റ്ജിപിടി ഉടമസ്ഥരുമായ ഓപണ്‍എഐയും ടെക് ഭീമന്‍ മൈക്രോസോഫ്റ്റും ചേര്‍ന്ന് തനിക്ക് 134 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. താന്‍ കൂടി ചേര്‍ന്ന് തുടക്കമിട്ട ഓപണ്‍എഐ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്ന (നോണ്‍ പ്രൊഫിറ്റ്) പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്‌റെ കേസ്. 2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം.

കലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡില്‍ ഏപ്രില്‍ അവസാനത്തോടെയാണ് മസ്‌ക് നല്‍കിയ നഷ്ടപരിഹാര കേസില്‍ അന്തിമ വിചാരണ നടക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ഓപണ്‍എഐയുടെയും മൈക്രോസോഫ്റ്റിന്‌റെയും ആവശ്യം കഴിഞ്ഞ ദിവസം ജഡ്ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര തുക സംബന്ധിച്ച ആവശ്യം മസ്‌കിന്‌റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 2015ല്‍ ഓപണ്‍ എഐ സ്റ്റാര്‍ട്ടപ്പായി തുടങ്ങുമ്പോള്‍ 38 മില്യണ്‍ യുഎസ് ഡോളര്‍ മസ്‌ക് നല്‍കിയിരുന്നു. ഇന്ന് 500 ബില്യണ്‍ ഡോളറാണ് ഓപണ്‍ എഐയുടെ വിപണിമൂല്യം. ഇതിന് അനുസൃതമായ തുകയ്ക്ക് തനിക്ക് അവകാശമുണ്ടെന്നാണ് മസ്‌കിന്‌റെ വാദം.

ആദ്യം സഹസ്ഥാപകന്‍, പിന്നീട് നിരന്തര വിമര്‍ശകന്‍

2015ല്‍ ഓപണ്‍ എഐയില്‍ സഹസ്ഥാപകനായ മസ്‌ക് പിന്നീട് ബന്ധം ഉപേക്ഷിച്ച് ഓപണ്‍ എഐയുടെയും സിഇഒ സാം ആള്‍ട്ട്മാന്‌റെയും നിരന്തര വിമര്‍ശകനായി മാറുകയും ചെയ്തിരുന്നു. സാം ആള്‍ട്ട്മാനും മസ്‌കും തമ്മില്‍ വര്‍ഷങ്ങളായി അഭിപ്രായഭിന്നതയിലാണ്. മസ്‌ക് സ്വന്തമായി എഐ കമ്പനിയും തുടങ്ങി. അതിനിടെ, മൈക്രോസോഫ്റ്റുമായി ഓപണ്‍ എഐ സഹകരണം പ്രഖ്യാപിച്ചതാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്. നോണ്‍ പ്രൊഫിറ്റ് രീതിയില്‍ നിന്നും ലാഭം ലക്ഷ്യമിടുന്ന രീതിയിലേക്ക് ഓപണ്‍ എഐ മാറിയെന്നാണ് മസ്‌ക് ആരോപിച്ചത്. എന്നാല്‍, ഇത് ഓപണ്‍ എഐ നിഷേധിക്കുകയാണ്. കമ്പനി പുനസംഘടിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഓപണ്‍ എഐ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തങ്ങളെ പിന്തുണക്കുന്ന മൈക്രോസോഫ്റ്റിന്, നോണ്‍ പ്രൊഫിറ്റ് നിലപാട് നിലനിര്‍ത്തിക്കൊണ്ടു തന്നെ, 27 ശതമാനം ഓഹരികള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു.

എഐ മത്സരത്തില്‍ എതിരാളിയെ തളര്‍ത്താനുള്ള ഉപകരണമായി മസ്‌ക് കേസിനെ ഉപയോഗിക്കുകയാണെന്ന് ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ആരോപിച്ചു. ഓപണ്‍ എഐ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കുമായി യാതൊരു വിധ കരാറുമില്ലെന്ന് കേസില്‍ നേരത്തെ ഓപണ്‍ എഐ കോടതിയെ അറിയിച്ചിരുന്നു. ഒരിക്കല്‍ താന്‍ പിന്തുണയ്ക്കുകയും, പിന്നീട് ഒറ്റപ്പെടുത്തുകയും ചെയ്ത സ്ഥാപനം തന്റെ സാന്നിധ്യമില്ലാതെ വിജയം കൈവരിക്കുന്നത് കാണേണ്ടി വന്ന മസ്‌ക്, സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ അവകാശവാദമുന്നയിക്കാന്‍ കെട്ടുകഥ മെനയുകയാണെന്നാണ് ഓപണ്‍ എഐ കോടതിയെ അറിയിച്ചത്.

Similar Posts