< Back
Business
reasons behind todays sensex crash
Business

യുദ്ധഭീതിയില്‍ വിപണി; സെന്‍സെക്‌സ് ആയിരം പോയിന്റിലേറെ ഇടിഞ്ഞു

ശരത് ലാൽ തയ്യിൽ
|
2 March 2026 10:48 AM IST

സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ഇവയുടെ ഇടിഎഫുകള്‍ കുതിച്ചു

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരം തുടങ്ങിയതിന് പിന്നാലെ സെന്‍സെക്‌സ് 1000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റിലേറെ ഇടിഞ്ഞ് 24,900ന് താഴെയാണ് വ്യാപാരം. അതേസമയം, സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ഇവയുടെ ഇടിഎഫുകള്‍ കുതിച്ചു.

യുദ്ധസാഹചര്യത്തില്‍ പ്രതിരോധ ഓഹരികളില്‍ വലിയ മുന്നേറ്റമുണ്ടായി. നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഒരു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. തേജസ് നെറ്റ് വര്‍ക്‌സ് 13 ശതമാനത്തിലേറെയും പരാസ് ഡിഫന്‍സ് 11 ശതമാനത്തിലേറെയും കുതിച്ചു. മെറ്റല്‍ ഓഹരികളും മുന്നേറ്റമുണ്ടാക്കി. നാഷണല്‍ അലൂമിനിയം, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ ഓഹരികള്‍ മുന്നേറി.

വിവിധ സില്‍വര്‍ ഇടിഎഫുകള്‍ ആറ് ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഗോള്‍ഡ് ഇടിഎഫുകള്‍ പലതും നാല് ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി. ആഗോള വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധനവുണ്ടായി. സ്വര്‍ണം ട്രോയ് ഔണ്‍സിന് 123 ഡോളര്‍ വര്‍ധിച്ച് 5354 ഡോളറിലാണ് വ്യാപാരം. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്.

ആഗോള എണ്ണ വിലയില്‍ വര്‍ധനവുണ്ടായിരിക്കെ പെട്രോളിയം ഓഹരികളില്‍ വലിയ ഇടിവുണ്ടായി. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മാംഗളൂര്‍ റിഫൈനറി തുടങ്ങിയവയുടെയെല്ലാം വിലയില്‍ ഇടിവുണ്ടായി.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉല്‍യോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയര്‍ന്നു. 78.24 ഡോളറില്‍ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയര്‍ന്നത്. 5.38 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയിലും ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടത്തിനും ഇടയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 91 കടന്നു. നിലവില്‍ ഡോളറിന് 91.40 രൂപ എന്ന നിലയിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഇതും വിപണിയെ സാരമായി ബാധിച്ചു.

Similar Posts