
Representational Image
ആറ് മാസത്തിനുള്ളിൽ 942 ശതമാനം വരെ വരുമാനം; 50 രൂപക്ക് താഴെയുള്ള ഏഴ് മൾട്ടി ബാഗർ ഓഹരികൾ
|കഴിഞ്ഞ ആറു മാസത്തിനിടെ സെൻസെക്‌സ് ആറ് ശതമാനം മുന്നേറി, അതേസമയം ബിഎസ്ഇ സ്‌മോൾകാപ്പ് സൂചിക 11 ശതമാനം ഉയർന്നു
ബെഞ്ച്മാർക്ക് സൂചികകൾ അസ്ഥിരതയുടെ പിടിയിൽ അകപ്പെട്ടിട്ടും നിരവധി പെന്നി സ്റ്റോക്കുകൾ വിശാലമായ വിപണിയെ മറികടന്ന് അതിശയിപ്പിക്കുന്ന മൾട്ടിബാഗർ റിട്ടേണുകൾ നൽകിയാണ് ഓഹരിവിപണിയിലെ ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ആറു മാസത്തിനിടെ സെൻസെക്‌സ് ആറ് ശതമാനം മുന്നേറി, അതേസമയം ബിഎസ്ഇ സ്‌മോൾകാപ്പ് സൂചിക 11 ശതമാനം ഉയർന്നു. എങ്കിലും, എക്‌സ്‌ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 50 രൂപയിൽ താഴെ സ്റ്റോക്ക് വിലയുള്ള ഒരു കൂട്ടം കമ്പനികൾ ഇതേ കാലയളവിൽ 942 ശതമാനം വരെ ഉയർന്നുവെന്നാണ്.
മൾട്ടി ബാഗറുകളായി മാറിയ ഏഴ് ഓഹരികൾ
ഐസ്ട്രീറ്റ് നെറ്റ്വർക്ക് ലിമിറ്റഡ്
ആറ് മാസത്തിനുള്ളിൽ ഐസ്ട്രീറ്റ് നെറ്റ്വർക്ക് ലിമിറ്റഡ് 942 ശതമാനം റിട്ടേൺ നൽകി. ബിഎസ്ഇയിൽ ഓഹരി വില 4.69 രൂപയിൽ നിന്ന് 48.87 രൂപയായി ഉയർന്നു. വെള്ളിയാഴ്ച ഓഹരി വില 4.98 ശതമാനം ഉയർന്ന് 48.87 രൂപയിൽ ക്ലോസ് ചെയ്തു. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇ-കൊമേഴ്സ്, ഐടി ഉത്പന്ന വിതരണം എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ട്രൈറ്റൺ കോർപ്പ് ലിമിറ്റഡ്
ആറ് മാസ കാലയളവിൽ 0.55 രൂപയിൽ നിന്ന് 1.76 രൂപയായി ഓഹരി വില ഉയർന്നതോടെ ട്രൈറ്റൺ കോർപ്പ് ലിമിറ്റഡ് 220 ശതമാനം വരുമാനം നേടി. ഐടി അനുബന്ധ ബിസിനസുകൾക്കായി കോൾ സെന്റർ പ്രവർത്തനങ്ങളും മാനേജ്്‌മെന്റ് കൺസൾട്ടൻസിയും ഉൾപ്പെടെ ഐടി, ഐടി-അധിഷ്ഠിത സേവനങ്ങൾ കമ്പനി നൽകുന്നു. വെള്ളിയാഴ്ച ഓഹരി വില 1.73 ശതമാനം ഉയർന്ന്് 1.76 രൂപയിൽ ക്ലോസ് ചെയ്തു.
ചന്ദ്രിമ മെർക്കന്റൈൽസ് ലിമിറ്റഡ്
ചന്ദ്രിമ മെർക്കന്റൈൽസ് ലിമിറ്റഡിന്റെ ഓഹരികൾ 196 ശതമാനം ഉയർന്ന് 2.95 രൂപയിൽ നിന്ന് 8.76 രൂപയായി. കാർഷിക ഉത്പന്നങ്ങളുടെയും സ്വർണത്തിന്റെയും വ്യാപാരത്തിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചത്തെ ഓഹരി വില 1.98 ശതമാനം ഉയർന്ന് 8.76 രൂപയിൽ അവസാനിച്ചു.
ടേക്ക് സൊല്യൂഷൻസ് ലിമിറ്റഡ്
ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ടേക്ക് സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഓഹരി വിലയിൽ 189 ശതമാനം വർധന രേഖപ്പെടുത്തി, ഇത് 8.60 രൂപയിൽ നിന്ന് 24.92 രൂപയായി. സമഗ്രമായ ക്ലിനിക്കൽ, റെഗുലേറ്ററി, സുരക്ഷാ സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. വെള്ളിയാഴ്ച ഓഹരി വില 4.97 ശതമാനം ഉയർന്ന് 24.92 രൂപയിൽ ക്ലോസ് ചെയ്തു.
ഹൈബ്രിഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
ഹൈബ്രിഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 170 ശതമാനം നേട്ടം കൈവരിച്ചു, അതിന്റെ ഓഹരി വില 11.95 രൂപയിൽ നിന്ന് 32.27 രൂപയായി ഉയർന്നു. കടം തിരിച്ചടവ്, ധനകാര്യം, നികുതി എന്നിവയിൽ മാനേജ്‌മെന്റ് കൺസൾട്ടിങ് സേവനങ്ങളും ഉപദേശക പരിഹാരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച ഓഹരി വില 4.98 ശതമാനം ഇടിഞ്ഞ് 32.27 രൂപയായി.
ജയഭാരത് ക്രെഡിറ്റ് ലിമിറ്റഡ്
ബിഎസ്ഇയിൽ 13.90 രൂപയിൽ നിന്ന് 33.07 രൂപയായി ഉയർന്നതോടെ, ജയഭാരത് ക്രെഡിറ്റ് ലിമിറ്റഡ് നിക്ഷേപകർക്ക് ആറു മാസത്തിനുള്ളിൽ 137 ശതമാനം റിട്ടേൺ നൽകി. വെള്ളിയാഴ്ച ഓഹരി വില 1.97 ശതമാനം ഉയർന്ന് 33.07 രൂപയിൽ അവസാനിച്ചു.
ഓർഗാനിക് കോട്ടിങ്‌സ് ലിമിറ്റഡ്
ലിസ്റ്റിൽ നിന്ന് പുറത്തായ ഓർഗാനിക് കോട്ടിങ്‌സ് ലിമിറ്റഡ് ആറ് മാസ കാലയളവിൽ 119 ശതമാനം നേട്ടം കൈവരിച്ചു. കമ്പനി പ്രിന്റിങ് മഷികളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നു. വെള്ളിയാഴ്ച അതിന്റെ ഓഹരികൾ 0.14 ശതമാനം നേരിയ തോതിൽ ഉയർന്ന് 27.74 രൂപയിൽ ക്ലോസ് ചെയ്തു.