
ആര്‍.എസ്.എസിന്‍റെ അയോധ്യഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിന് പറയാനുള്ളത്...
|വിശ്വാസിയായ ഞാന്‍ ഒരു വിശ്വാസ സ്ഥാപനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പണപ്പിരിവിന്റെ ഒരു കൂപ്പണ്‍ കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതില്‍ ഒരു തെറ്റുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് ആ ചടങ്ങില്‍ പങ്കെടുത്തത്.
ആലപ്പുഴയില്‍ അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തതതില്‍ വിശദീകരണവുമായി ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള. ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥപിള്ളയുടെ വിശദീകരണം. വിവാദം ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണെന്നും റ്റി. ജി രഘുനാഥപിള്ള പറയുന്നു. ഇത് ഒരു ചെറിയ പ്രശ്നമാണ്. ഇതിനെ പാര്‍ട്ടിക്കാര്‍ തന്നെ പര്‍വ്വതീകരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് വിവാദമെന്നും അദ്ദേഹം പറഞ്ഞു.
''ആര്‍എസ്എസിന്റെ ഭാരവാഹികളായിട്ടുള്ള ആരും പരിപാടിയുടെ കൂപ്പണുമായി വന്നിട്ടുള്ളവരില്‍ ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഉത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കരയോഗത്തിന്റെ മെമ്പര്‍മാരായ നാലുപേര്‍ വരുന്നത്. രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിന്‍റെ കൂപ്പണ്‍ ഏറ്റുവാങ്ങുന്നതിനായി മേല്‍ശാന്തിയെ സമീപിച്ചിച്ചുണ്ടെന്നും അത് ഞാന്‍ വന്ന് കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഞാനാണ് ഈ ക്ഷേത്രത്തിന്റെ പ്രസിഡന്റ്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കരയോഗത്തിന്റെയും പ്രസിഡന്റാണ്. അപ്പോള്‍ അത്തരത്തില്‍പ്പെട്ട വിശ്വാസിയായ ഞാന്‍ ഒരു വിശ്വാസ സ്ഥാപനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പണപ്പിരിവിന്റെ ഒരു കൂപ്പണ്‍ കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതില്‍ ഒരു തെറ്റുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് ആ ചടങ്ങില്‍ പങ്കെടുത്തത്. അത് ഞാന്‍ ഡിസിസി ഉപാധ്യക്ഷനെന്ന നിലയിലെന്നല്ല. മാത്രമല്ല, ഇപ്പോള്‍ ബാബരി മസ്ജിദ് ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്നും മസ്ജിദ് പണിയാന്‍ മറ്റൊരു ഭൂമി നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ആ വിഷയത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കറിയില്ല'' -അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു. രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രാദേശികമായി ഉണ്ടാക്കിയ കമ്മറ്റിയിലെ അംഗങ്ങളാണ് തന്നെ കാണാന്‍ വന്നതെന്നും അവരാരും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളല്ലെന്നും സമുദായ അംഗങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ആര്‍എസ്എസ് രാജ്യവ്യാപകമായി ക്ഷേത്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് പിരിക്കുന്നുണ്ട്. ആ ഫണ്ട് ശേഖരണം ആലപ്പുഴ ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലും നടന്നിരുന്നു. ഇതിന്‍റെ ഉദ്ഘാടനമാണ് ഡിസിസി ഉപാധ്യക്ഷന്‍ നിര്‍വഹിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ വിമര്‍ശനമാണ് രഘുനാഥപിള്ളയ്ക്കെതിരെ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പകല്‍ കോണ്‍ഗ്രസ് നേതാവും രാത്രി ആര്‍എസ്എസ് നേതാവുമാണെന്ന വിമര്‍ശനവുമായി ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു.