
രമേശ് പവാറിന് ഇനി പുതിയ ദൗത്യം
|അതേസമയം മുഴുസമയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 20ആണ് അവസാന തീയതി.
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ രമേശ് പവാറിനെ മറക്കില്ല. ചുരുങ്ങിയ കാലമെ അദ്ദേഹം ഇന്ത്യന്‍ കുപ്പായത്തിലുണ്ടായിരുന്നുള്ളൂ. അതിനുള്ളില്‍ അദ്ദേഹത്തിന് തന്റേതായ സ്ഥാനം കണ്ടെത്താനായില്ലെങ്കിലും കായിക ലോകത്ത് അറിയപ്പെടാനായി. എന്നാലിപ്പോള്‍ രമേശ് പവാറിന് പുതിയ ചുമതലയേര്‍പ്പെടുത്തിയിരിക്കുകയാണ് ബി.സി.സി.ഐ. സീനിയര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായാണ് പവാറിന് താല്‍ക്കാലികമായി ബിസിസിഐ നിയമനം നല്‍കിയത്.
തുഷാര്‍ അരോതെയുടെ പകരക്കാരനായാണ് പവാര്‍ ചുമതലയേല്‍ക്കുന്നത്. ടീമിലെ സീനിയര്‍ താരങ്ങളുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തുഷാര്‍ തല്‍സ്ഥാനം രാജിവെക്കുന്നത്. തുഷാറിന്റെ പരിശീലന രീതികളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അതേസമയം മുഴുസമയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 20ആണ് അവസാന തീയതി. ഏല്‍പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷവാനാണെന്നും ടീമിനെ മികച്ച രീതിയില്‍ കൊണ്ടുപോകുമെന്നും പവാര്‍ വ്യക്തമാക്കി. 40 കാരനായ പവാര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളും 31 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ ആറും ഏകദിനത്തില്‍ 34 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് സ്‌പിന്നറായ പവാര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പവാര്‍ കൂടുതല്‍ തിളങ്ങിയത്. 148 മത്സരങ്ങളില്‍ നിന്നായി 470 വിക്കറ്റുകളാണ് പവാര്‍ വീഴ്‌ത്തിയത്. ബി.സി.സി.ഐ മുഴുവന്‍ സമയ പരിശീലകനെ വിളിച്ചിട്ടുണ്ടെങ്കിലും പവാറിന് തന്നെയാണ് ആദ്യം മുന്‍ഗണന ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.