< Back
Cricket
ഇന്ത്യയോട് തോറ്റുതൊപ്പിയിട്ടു, ക്യാപ്റ്റനെതിരെ പാക് ആരാധകര്‍
Cricket

ഇന്ത്യയോട് തോറ്റുതൊപ്പിയിട്ടു, ക്യാപ്റ്റനെതിരെ പാക് ആരാധകര്‍

Web Desk
|
24 Sept 2018 9:12 PM IST

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്യാനുള്ള സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനവും വലിയതോതില്‍ ആരാധക വിമര്‍ശം വിളിച്ചുവരുത്തി. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും

ഏഷ്യ കപ്പിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയോട് തോറ്റതോടെ പാക് താരങ്ങളുടെ കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. അഞ്ച് ദിവസത്തെ ഇടവേളയിലാണ് പാകിസ്താനെ ഇന്ത്യ രണ്ട് തവണ പരാജയപ്പെടുത്തിയത്. ആദ്യത്തെ തോല്‍വി ഏഴ് വിക്കറ്റിനാണെങ്കില്‍ രണ്ടാം തോല്‍വി ഒമ്പതുവിക്കറ്റിനായിരുന്നു. ഇതോടെ പാകിസ്താന്റെ ആരാധകര്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്യാനുള്ള സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനവും വലിയതോതില്‍ ആരാധക വിമര്‍ശം വിളിച്ചുവരുത്തി. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും സര്‍ഫ്രാസിന്റെ ബാറ്റിംങ് തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. കളി ജയിക്കണമെങ്കില്‍ പാകിസ്താന്‍ ബാറ്റിംങ് തെരഞ്ഞെടുക്കണമായിരുന്നുവെന്നും സര്‍ഫ്രാസിന്റെ ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടാകുമെന്നുമായിരുന്നു കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റ്. ആ ട്വീറ്റ് സത്യമായി മാറുകയും ചെയ്തു.

ഇന്ത്യന്‍ ബൗളര്‍മാര്‍ പഴുതില്ലാതെ പന്തെറിഞ്ഞതോടെ പാകിസ്താന്റെ ഓപണര്‍മാരായ ഇമാം ഉള്‍ ഹഖും ഫഖര്‍ സമനും റണ്‍ കണ്ടെത്താന്‍ വിഷമിച്ചു. സ്പിന്നര്‍മാരെത്തിയതോടെ മൂന്നിന് 58 എന്ന നിലയിലേക്ക് തകരുകയും ചെയ്തു. പിന്നീട് ഷൊഹൈബ് മാലിക്കും(78) ക്യാപ്റ്റന്‍ സര്‍ഫ്രാസും(44) ചേര്‍ന്ന 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എങ്കിലും പാകിസ്താന്‍ സ്‌കോര്‍ 50 ഓവറില്‍ 7ന് 237ല്‍ ഒതുങ്ങി.

10.3 ഓവര്‍ ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യ പാകിസ്താന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും സെഞ്ചുറി നേടുകയും ആദ്യ വിക്കറ്റിലേ 210 റണ്‍സ് നേടുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ വിജയം എളുപ്പമായത്.

Related Tags :
Similar Posts