< Back
Cricket
പ്രവീണ്‍ കുമാര്‍ വിരമിച്ചു; ഭാവി പദ്ധതി പ്രഖ്യാപിച്ച് താരം 
Cricket

പ്രവീണ്‍ കുമാര്‍ വിരമിച്ചു; ഭാവി പദ്ധതി പ്രഖ്യാപിച്ച് താരം 

Web Desk
|
20 Oct 2018 12:50 PM IST

2012ലാണ് പ്രവീണ്‍ കുമാര്‍ എന്ന 32കാരന്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.  

ഒരു കാലത്ത് സ്വിങ് ബൗളിങിലൂടെ ശ്രദ്ധേയനായിരുന്ന പ്രവീണ്‍ കുമാര്‍ കളി മതിയാക്കി. 2012ലാണ് പ്രവീണ്‍ കുമാര്‍ എന്ന 32കാരന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. തുടക്കത്തിലെ ഫോം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായതും നിരവധി യുവതാരങ്ങള്‍ അവസരം മുതലെടുത്തതുമാണ് പ്രവീണ്‍ കുമാറിന് വിനയായത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിടപറയുകയാണെന്നും താരം വ്യക്തമാക്കുന്നു. ഐപിഎല്ലിലും കുമാര്‍ ഇനി പന്തെറിയില്ല. ബൗളിങ്ങ് പരിശീലകനാകാനാണ് താരത്തിന്റെ തീരുമാനം.

കളിക്കാന്‍ അവസരം തന്ന എല്ലാവരോടും താരം നന്ദി വ്യക്തമാക്കി. തന്റെ വിരമിക്കലിലൂടെ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അവരുടെ വഴിമുടക്കാന്‍ താല്‍പര്യമില്ലെന്നും കുമാര്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി വിവിധ കാലങ്ങളില്‍ കളിച്ചിട്ടുണ്ട്. 2007 ൽ പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ കളിച്ച് കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ പ്രവീൺ കുമാർ, 68 ഏകദിനങ്ങളും, 6 ടെസ്റ്റ് മത്സരങ്ങളും, 10 ടി20 യും ഇന്ത്യൻ ജേഴ്സിയിൽ കളിച്ചു.

ഏകദിനത്തിൽ 77 വിക്കറ്റുകളും, ടെസ്റ്റിൽ 27 വിക്കറ്റുകളും, ടി20 യിൽ 8 വിക്കറ്റുകളും ഉൾപ്പെടെ മൊത്തം 112 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിന്റെ സമ്പാദ്യം. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിലായിരുന്നു താരം അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ഇടക്കാലത്ത് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Related Tags :
Similar Posts