
അഞ്ച് അര്‍ധസെഞ്ചുറികളുമായി ബാറ്റിംങ് പരിശീലനം ഗംഭീരമാക്കി ടീം ഇന്ത്യ
|പൃഥ്വി ഷാ(69 പന്തില്‍ 66), പുജാര(89 പന്തില്‍ 54), കോഹ്‌ലി(87 പന്തില്‍ 64), രഹാനെ (123 പന്തില്‍ 56), ഹനുമ വിഹാരി(88 പന്തില്‍ 53) എന്നിവരാണ് അര്‍ധ സെഞ്ചുറി നേടിയത്.
ആസ്‌ത്രേലിയയിലെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ബാറ്റിംങ് പരിശീലനം ഗംഭീരമാക്കി ഇന്ത്യ. അഞ്ച് കളിക്കാരുടെ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ 358 റണ്‍സ് എടുത്തു.
മല്‍സരത്തിന്റെ ആദ്യ ദിനം മഴമൂലം പൂര്‍ണമായും കളി മുടങ്ങിയിരുന്നു. ടോസ് നേടിയ ക്രിക്കറ്റ് ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആസ്‌ത്രേലിയന്‍ സാഹചര്യങ്ങളുമായി പരിചയപ്പെടാനുള്ള അവസരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുതലാക്കി. പൃഥ്വി ഷാ(69 പന്തില്‍ 66), പുജാര(89 പന്തില്‍ 54), കോഹ്‌ലി(87 പന്തില്‍ 64), രഹാനെ (123 പന്തില്‍ 56), ഹനുമ വിഹാരി(88 പന്തില്‍ 53) എന്നിവരാണ് അര്‍ധ സെഞ്ചുറി നേടിയത്. 3 റണ്‍സെടുത്ത് പുറത്തായ ലോകേഷ് രാഹുല്‍ മാത്രമാണ് മുന്‍നിരയില്‍ നിരാശപ്പെടുത്തിയത്. ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയ രോഹിത് ശര്‍മ 55 പന്തില്‍ 40 റണ്‍സെടുത്താണ് പുറത്തായത്.
ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവനുവേണ്ടി ആരോണ്‍ ഹാര്‍ഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കോഹ്‌ലിയുടേയും രോഹിത് ശര്‍മ്മയുടേയും വിക്കറ്റുകള്‍ വീഴ്ത്തിയത് ഹാര്‍ഡിയാണ്. കോള്‍മാന്‍, റോബിന്‍സ്, ഫാളിന്‍സ്, ഷോര്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അശ്വിനും ഷമിയും ഉമേഷ് യാദവും റണ്ണെടുക്കും മുമ്പേ പുറത്തായതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 358ല്‍ ഒതുങ്ങിയത്. ഋഷഭ് പന്ത് 11 റണ്‍സുമായി പുറത്താകാതെ നിന്നു.