< Back
Cricket
സന്നാഹ മത്സരം;  ഇന്ത്യക്കെതിരെ ആസ്‌ട്രേലിയന്‍ ഇലവന്റെ മറുപടി ഇങ്ങനെ... 
Cricket

സന്നാഹ മത്സരം; ഇന്ത്യക്കെതിരെ ആസ്‌ട്രേലിയന്‍ ഇലവന്റെ മറുപടി ഇങ്ങനെ... 

Web Desk
|
30 Nov 2018 4:11 PM IST

നേരത്തെ ഇന്ത്യയുടെ ഇന്നിങ്‌സ് 358ന് അവസാനിച്ചിരുന്നു. മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്.

സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ സ്‌കോറിന് മറുപടി ബാറ്റ് ചെയ്യുന്ന ആസ്‌ട്രേലിയന്‍ ഇലവന് മികച്ച സ്‌കോര്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 356 എന്ന നിലയിലാണ്. രണ്ട് റണ്‍സ് മാത്രമാണ് അവര്‍ക്കിനി മറികടക്കാനുള്ളത്. നേരത്തെ ഇന്ത്യയുടെ ഇന്നിങ്‌സ് 358ന് അവസാനിച്ചിരുന്നു. മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ ആസ്‌ട്രേലിയ പതറുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ടീം സ്‌കോര്‍ 114ല്‍ നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീഴുന്നത് തന്നെ. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കംഗാരുപ്പടക്കായി. ആര്‍സി ഷോട്ട്(74)മാക്‌സ് ബ്രായ്‌നട്ട്(62) ജേക്ക് കാര്‍ഡര്‍(38) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഹാരി നീല്‍സണ്‍(56) ആരോണ്‍ ഹാര്‍ദി(69) എന്നിവരാണ് ക്രീസില്‍.

അവസാന സെഷനില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായതുമില്ല. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ഇന്ത്യക്കായി പിറന്ന 'അഞ്ച് ഫിഫ്റ്റികളാണ്' ടീം സ്‌കോര്‍ 358ല്‍ എത്തിച്ചത്. പൃഥ്വി ഷാ(66) ചേതേശ്വര്‍ പുജാര(54)വിരാട് കോഹ്ലി(64) അജിങ്ക്യ രഹാനെ(56) ഹനുമ വിഹാരി(53) എന്നിവരാണ് അര്‍ദ്ധ ശതകം കണ്ടെത്തിയ അഞ്ച് പേര്‍.ഡിസംബര്‍ ആറിന് അഡ്‌ലയ്ഡിലാണ് ആദ്യ മത്സരം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സമനിലയിലാണ് അവസാനിച്ചത്. ഒരു മത്സരം മഴയെടുത്തപ്പോള്‍ ആദ്യത്തേതില്‍ ആസ്‌ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും വിജയിച്ചു.

Related Tags :
Similar Posts