< Back
Cricket
പന്ത് കൊണ്ടും വിസ്മയിപ്പിച്ച് കോഹ്‍ലി; വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഇങ്ങനെ
Cricket

പന്ത് കൊണ്ടും വിസ്മയിപ്പിച്ച് കോഹ്‍ലി; വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഇങ്ങനെ

Web Desk
|
1 Dec 2018 12:23 PM IST

സെഞ്ച്വറിയുമായി ഹാരി നീൽസൻ ക്രീസിൽ നിൽക്കുമ്പോഴാണ് കോഹ്‍‍‍‍‍ലി നേരിട്ട് എത്തി ബൗളിങ് ഉത്തരവാദിത്തം ഏറ്റടുത്തത്

ബാറ്റുകൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍‍ലി, വേണ്ടി വന്നാൽ പന്ത് കൊണ്ടും ടീമിന്റെ രക്ഷകനായി അവതരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെയാണ് കോഹ്‍‍ലി ബൗളറുടെ കുപ്പായമണിഞ്ഞത്. ബൗളറായി എത്തിയ കോഹ്‍ലി, നിർണായകമായ ഒരു വിക്കറ്റുമെടുത്ത് ശരിക്കും ആഘോഷിച്ചാണ് പിച്ച് വിട്ടത്.

ഇന്ത്യ ഉയർത്തിയ 358 റൺസിലേക്ക് ബാറ്റു വീശിയ ആസ്ത്രേലിയ ഇലവൻ ഇന്ത്യൻ ബൗളർമാര കാഴ്ച്ചക്കാരാക്കി അടിച്ചെടുത്തത് 544 റൺസും 186 റൺസിന്റെ ലീഡുമായിരുന്നു. സെഞ്ച്വറിയുമായി ഹാരി നീൽസൻ ക്രീസിൽ നിൽക്കുമ്പോഴാണ് കോഹ്‍‍‍‍‍ലി നേരിട്ട് എത്തി ബൗളിങ് ഉത്തരവാദിത്തം ഏറ്റടുത്തത്. നീൽസനെ ഉമേഷ് യാദവിന്റെ കെെകളിലെത്തിച്ച് മടക്കിയ കോഹ്‍‍ലിക്ക് പക്ഷേ, നിർണായകമായ ആ വിക്കറ്റ് നേടിയതിന്റെ ആഹ്ലാദം പിടിച്ചു നിർത്താനായില്ല. വിക്കറ്റ് നേട്ടം ശരിക്കും ആഘോഷിച്ചാണ് ക്യാപ്റ്റൻ മടങ്ങിയത്. രണ്ട് ഓവർ പന്തെറിഞ്ഞ കോഹ്‍ലി ആറ് റണ്‍സ് മാത്രമേ വിട്ടു കൊടുത്തുള്ളൂ.

ആസ്ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം ആറിന് തുടങ്ങാനിരിക്കേ, ഇന്ത്യൻ ബൗളിങ് സെഷൻ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന സൂചനയാണ് സന്നാഹ മത്സരം മനസ്സിലാക്കി തരുന്നത്. മത്സരത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പൃഥ്വി ഷാ പരിക്ക് പറ്റി പുറത്ത് പോയതും ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്. കണങ്കാലിനേറ്റ പരിക്ക് കാരണം, ആദ്യ ടെസ്റ്റിൽ ഷാ ഉണ്ടാകില്ല. ഇതോടെ ഇന്ത്യയുടെ ഓപ്പണിങ് ആരെ വെച്ച് തുടങ്ങും എന്ന ആശങ്കയിലാണ് ടീം.

Similar Posts