
‘നോക്കൂ, ഞാന്‍ മരിച്ചിട്ടില്ല കെട്ടോ’; തന്‍റെ മരണവാര്‍ത്ത നിഷേധിച്ച് നഥാന്‍ മക്കല്ലം
|സഹോദരനും, വെടിക്കെട്ട് കളിക്കാരനുമായ ബ്രൻഡൻ മക്കല്ലവും വ്യാജ പ്രചരണത്തിനെതിരെ രംഗത്ത് വന്നു
ക്രിക്കറ്റിൽ ബാറ്റും കൊണ്ടും, ബൗളും കൊണ്ടും കഴിവ് തെളിയിക്കേണ്ടവരാണ് ഓൾറൗണ്ടർമാർ. ടീമിലെ നായകന് പന്തും ബാറ്റും വിശ്വസിച്ചേൽപ്പിക്കാവുന്നവർ. ഇത്തരത്തിൽ തന്റെ ഓൾറൗണ്ട് പാടവം കൊണ്ട് കഴിവ് തെളിയിച്ച താരമാണ് ന്യൂസിലാൻഡിന്റെ നഥാൻ മക്കല്ലം. ക്രീസിൽ തന്റെ കഴിവ് തെളിയിച്ച നഥാൻ മക്കല്ലത്തിന് പക്ഷേ, താൻ ഇപ്പോൾ ജീവനോടെ ഇരിപ്പുണ്ടെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കേണ്ട
ഗതികേടിലാണ്.

കഴിഞ്ഞ ദിവസമാണ് കിവീസ് തരം മരിച്ചതായുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽകൂടി പ്രചരിച്ചത്. ന്യൂസിലൻഡ് ഓൾറൗണ്ടർ വിട പറഞ്ഞു എന്നും, ഭാര്യ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമുള്ള സന്ദേശമാണ് ട്വിറ്ററിലുൾപ്പടെ പ്രചരിച്ചത്. കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല. സാക്ഷാൽ വിക്കീപീഡിയയും സംഭവം ഏറ്റുപിടിച്ചു. നഥാൻ മക്കല്ലം മരിച്ചതായുള്ള വിവരം വിക്കീപീഡിയ സെെറ്റിൽ കൂട്ടിചേർത്തു. എന്നാൽ വാർത്ത നിഷേധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത് വരികയായിരുന്നു. താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാനായി താരം തന്നെ തന്റെ ഒരു സെൽഫി എടുത്ത് പോസ്റ്റുകയും ചെയ്തു.
സഹോദരനും, വെടിക്കെട്ട് കളിക്കാരനുമായ ബ്രൻഡൻ മക്കല്ലവും വ്യാജ പ്രചരണത്തിനെതിരെ രംഗത്ത് വന്നു. വാർത്ത അറിഞ്ഞ് താൻ തകർന്ന് പോയെന്ന് പറഞ്ഞ ബ്രൻഡൻ മക്കല്ലം, പക്ഷേ ഇത് വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. വാർത്ത പ്രചരിപ്പിച്ചവരെ എത്രയും വേഗം വെളിച്ചത്ത് കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡിനായി 84 ഏകദിന മത്സരങ്ങളിൽ നിന്നും 46.9 ശരാശരിയിൽ 2956 റൺസ് അടിച്ചെടുത്ത നഥാന്‍ മക്കല്ലം, 63 വിക്കറ്റുകളും നേടിയിട്ടുണ്ട്. കിവീസിനായി 63 രാജ്യന്തര ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.