< Back
Cricket
കോഹ്‌ലിയെ പുറത്താക്കിയത് ചതിയിലൂടെയോ?
Cricket

കോഹ്‌ലിയെ പുറത്താക്കിയത് ചതിയിലൂടെയോ?

Web Desk
|
16 Dec 2018 1:05 PM IST

ആസ്‌ത്രേലിയയില്‍ കളി നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം മൂന്നാം അമ്പയറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ല

വിരാട് കോഹ്ലിയുടെ വീരോചിതമായ സെഞ്ചുറിയാണ് പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ ആസ്‌ത്രേലിയയെ വെള്ളംകുടിപ്പിച്ചത്. തികച്ചും ആധികാരികമായ ബാറ്റിംങിലൂടെ 123 റണ്‍സ് നേടിയ കോഹ്‌ലി സ്ലിപ്പില്‍ക്യാച്ച് നല്‍കിയാണ് ടെസ്റ്റിന്റെ മൂന്നാം ദിനം പുറത്താകുന്നത്. ഇതോടെ മത്സരം ഓസീസിന്റെ വരുതിയിലാവുകയും ചെയ്തു. സംശയകരമായ ഒരു തീരുമാനത്തിലൂടെയാണ് അമ്പയര്‍മാര്‍ കോഹ്‌ലിയെ പുറത്താക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ആസ്‌ത്രേലിയയില്‍ കളി നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം മൂന്നാം അമ്പയറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ല. അത്രത്തോളം സംശയകരമായിരുന്നു കോഹ്‌ലിയെ പുറത്താക്കിയ തീരുമാനം. കുമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് കോഹ്‌ലിയെ പിടികൂടിയത്. ഉറപ്പില്ലാത്തതിനാല്‍ ഫീല്‍ഡ് അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് കൈമാറുകയായിരുന്നു. പന്ത് നിലത്ത് കുത്തിയ ശേഷമാണ് ഫീല്‍ഡര്‍ കൈപ്പിടിയിലൊതുക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം.

സംശയത്തിന്റെ ആനുകൂല്യം ബാറ്റ്സ്മാന് നല്‍കുന്ന രീതിയും ഇവിടെ കോഹ്ലിയെ രക്ഷിച്ചില്ല. നേരത്തെയും ആസ്ത്രേലിയന്‍ ടീമിനെതിരെ ഇത്തരം ‘ചതി’ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Similar Posts