< Back
Cricket
കാത്തിരുന്ന്, കാത്തിരുന്ന്.... ഒടുവില്‍ ചാന്‍സും കിട്ടി, ഫിഫ്റ്റിയും അടിച്ചു 
Cricket

കാത്തിരുന്ന്, കാത്തിരുന്ന്.... ഒടുവില്‍ ചാന്‍സും കിട്ടി, ഫിഫ്റ്റിയും അടിച്ചു 

Web Desk
|
26 Dec 2018 10:44 AM IST

ഇന്ത്യയുടെ ഓരോ പരമ്പര കഴിയുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കും. 

ഇന്ത്യയുടെ ഓരോ പരമ്പര കഴിയുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കും. നിലവിലുള്ള താരം ഫോമിലാകുന്നതോ അല്ലെങ്കില്‍ പുതിയൊരാളെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കുന്നതോ ആയിരിക്കും അത്. ഇക്കഴിഞ്ഞ വെസ്റ്റ്ഇന്‍ഡീസ് പരമ്പരയില്‍ പൃഥ്വിഷാ എന്ന ചെറുപ്പക്കാരനായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയടിച്ച താരം ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ കണ്ടെത്തലാരെന്ന് ചോദിച്ചാല്‍ മായങ്ക് അഗര്‍വാളെന്ന് പറയേണ്ടിവരും. അഗര്‍വാളിനെ കണ്ടെത്താന്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിയാന്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും കാത്തിരിപ്പ് വെറുതെയായില്ല.

ദുരന്തമായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണിങ് ഇനി അഗര്‍വാളില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു മെല്‍ബണിലേത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയ താരം 76 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 95 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ അര്‍ദ്ധ സെഞ്ച്വറി. 161 പന്ത് നേരിട്ട അഗര്‍വാള്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതമായിരുന്നു 76 റണ്‍സെടുത്തത്. പേസ് രാജാക്കന്മാരായ ആസ്‌ട്രേലിയന്‍ ബൗളിങിനെ കരുതലോടെ നേരിടുന്ന സമീപനമായിരുന്നു അഗര്‍വാളിന്റേത്. മുട്ടിയും തട്ടിയും മുന്നോട്ട് നീങ്ങിയ അഗര്‍വാള്‍, മോശം പന്തുകളെ അതിര്‍ത്തി കടത്തുകയും ചെയ്തു.

സെവാഗിനെയും പൃഥ്വഷായെപ്പോലെയും അഗ്രസീവ് ബാറ്റിങ് അല്ലെങ്കിലും ഓപ്പണിങില്‍ ദ്രാവിഡിനെപ്പോലൊരു ക്ലാസ് ബാറ്റിങ് ശൈലിയാണ് അഗര്‍വാളിന്റേത്. ഏറെ നാളായി ഇന്ത്യന്‍ ടീമിലേക്ക് വിളിയും പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ണാടകക്കാരനായ അഗര്‍വാള്‍. ആഭ്യന്തര മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് അഗര്‍വാള്‍ നില്‍ക്കുന്നത്. 2010ല്‍ നിലവിലെ അംഗം ലോകേഷ് രാഹുലുമൊത്ത് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട് അഗര്‍വാള്‍. അവിടം മുതലുള്ള കാത്തിരിപ്പാണ്. വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അരങ്ങേറുമെന്ന് വിചാരിച്ചെങ്കിലും സംഭവിച്ചില്ല. പിന്നെ ഇന്ത്യ എ യ്ക്കായി കളിച്ച താരം അവിടെയും മികവ് തെളിയിച്ചതോടെ സെലക്ടര്‍മാര്‍ക്ക് മറ്റൊരു ഓപ്ഷനില്ലാതാവുകയായിരുന്നു.

ഒപ്പം നിലവിലെ ഓപ്പണര്‍മാര്‍ പരാജയമാവുകയും ചെയ്തതോടെ അഗര്‍വാളിന് വാതിലുകള്‍ തുറന്നു. കുറെ നാളായി ടീമിലേക്ക് വിളി കാത്തിരിക്കുകയാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പരിശീലകന്‍ ആര്‍ മുരളീധരന്‍ ആണ്. പരമ്പരയില്‍ അഗര്‍വാളിന് നഷ്ടപ്പെടാനൊ ന്നുമില്ലെന്നും നേടാനാണുള്ളതെന്നും മുരളധീരന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെക്കും വിധമായിരുന്നു അഗര്‍വാളിന്റെ ബാറ്റിങ്.

Similar Posts