< Back
Cricket
തല്‍സമയ ടിവി പരിപാടിക്കിടെ പൊള്ളോക്കിന്റെ പാന്റ് കീറി!
Cricket

തല്‍സമയ ടിവി പരിപാടിക്കിടെ പൊള്ളോക്കിന്റെ പാന്റ് കീറി!

Web Desk
|
28 Dec 2018 10:14 PM IST

കാര്യം മനസിലായ പൊള്ളോക് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ സ്മിത്തും അവതാരകനും ചിരിച്ചുമറിയുകയായിരുന്നു. തല്‍സമയപരിപാടിയായതിനാല്‍ ഇതെല്ലാം പ്രേക്ഷകരും കാണുന്നുണ്ടായിരുന്നു

കോമഡി ഷോകളെ വെല്ലുന്ന തമാശയാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേക്ഷണത്തിനിടെ സംഭവിച്ചത്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ മത്സരത്തിന്റെ ഇടവേളയിലായിരുന്നു ഷോണ്‍ പൊള്ളോക്കിന്റെ ജീവിതത്തിലെ ഓര്‍ക്കാനിഷ്ടപ്പെടാത്ത സംഭവം നടന്നത്.

കളിക്കാര്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ വേളയില്‍ മൈതാനത്ത് വെച്ച് ഗ്രെയിം സ്മിത്തിനും അവതാരകന്‍ മാര്‍ക്ക് നിക്കോളസിനുമൊപ്പം സ്ലിപ്പിലെ ഫീല്‍ഡിംങിനെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ചും പിഴവ് പറ്റാനുള്ള സാധ്യതകളെക്കുറിച്ചുമായിരുന്നു സംസാരിച്ചിരുന്നത്. ഇതിനിടെ ഒരു ക്യാച്ചെടുക്കുന്നതിന് അല്‍പം കൂടുതല്‍ കുനിഞ്ഞപ്പോഴാണ് പൊള്ളോക്കിന്റെ പാന്റിന്റെ പിന്‍ഭാഗം കീറിപ്പോയത്!

കാര്യം മനസിലായ പൊള്ളോക് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ സ്മിത്തും അവതാരകനും ചിരിച്ചുമറിയുകയായിരുന്നു. തല്‍സമയപരിപാടിയായതിനാല്‍ ഇതെല്ലാം പ്രേക്ഷകരും കാണുന്നുണ്ടായിരുന്നു. ഇതിനിടെ ഫീല്‍ഡിലുണ്ടായിരുന്ന ഒരാള്‍ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് കീറിയ പാന്റ് മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.

പിന്നീട് കീറിയ പാന്റിന്റെ ചിത്രം പൊള്ളോക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ഡ്രസിംങ് റൂമില്‍ നിന്നും പകരം പാന്റ് ലഭിച്ചകാര്യവും ട്വീറ്റില്‍ പൊള്ളോക് നന്ദിയോടെ ഓര്‍ത്തു. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പൊള്ളോക് ടെസ്റ്റില്‍ 421ഉം ഏകദിനത്തില്‍ 393ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മികച്ച ഓള്‍ റൗണ്ടര്‍ കൂടിയായ പൊള്ളോക്ക് ഏകദിനത്തില്‍ ഒരു സെഞ്ചുറിയും ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും നേടിയിട്ടുണ്ട്

Related Tags :
Similar Posts