
പിങ്ക് ടെസ്റ്റിന് ഇന്ത്യ- ഓസീസ് കളിക്കാരിറങ്ങിയത് കറുത്ത ബാന്‍ഡ് ധരിച്ച്
|മത്സരത്തിന് മുന്നോടിയായി ദേശീയഗാനത്തിന് അണിനിരന്നപ്പോള്‍ ഇരുടീമുകളിലേയും കളിക്കാര്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് എത്തിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്#ലിക്ക് ബാറ്റിംങ് തെരഞ്ഞെടുക്കുന്നതില്‍ സംശയം പോലുമുണ്ടായിരുന്നില്ല. മത്സരത്തിന് മുന്നോടിയായി ദേശീയഗാനത്തിന് അണിനിരന്നപ്പോള്‍ ഇരുടീമുകളിലേയും കളിക്കാര്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് എത്തിയത്. ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അച്‌രേക്കറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനാണ് ഇന്ത്യന്‍ കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പരിശീലകനായിരുന്നു അച്‌രേക്കര്‍. നാലാം ടെസ്റ്റ് തുടങ്ങുന്നതിന്റെ തലേന്നാണ് 86കാരനായ അച്‌രേക്കര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. സച്ചിന് പുറമേ വിനോദ് കാംബ്ലി, ബല്‍വിന്ദര്‍ സിംങ് സന്ധു, അജിത്ത് അഗാര്‍ക്കര്‍, സമീര്‍ ദീഗെ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങള്‍ അച്‌രേക്കറുടെ ശിഷ്യരാണ്. കളിക്കൊപ്പം എങ്ങനെ നല്ല മനുഷ്യരാകാമെന്ന് പഠിപ്പിച്ച അച്‌രേക്കര്‍ക്ക് വിടയെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുസ്മരിച്ചത്.
ഓസീസ് കളിക്കാര്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചതിന് പിന്നില്‍ ആസ്‌ട്രേലിയയുടേയും ന്യൂ സൗത്ത് വെയില്‍സിന്റേയും ക്രിക്കറ്റ് കളിക്കാരനായിരുന്ന വില്‍ വാട്‌സന്റെ നിര്യാണമായിരുന്നു. 87കാരനായ ബില്‍ വാട്‌സണ്‍ ബാറ്റ്‌സ്മാനായിരുന്നു.