< Back
Cricket
സിഡ്നി ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് ഫോളോ ഓണ്‍,  300ന് പുറത്ത്
Cricket

സിഡ്നി ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് ഫോളോ ഓണ്‍, 300ന് പുറത്ത്

Web Desk
|
6 Jan 2019 11:12 AM IST

1988ന് ശേഷം ആദ്യമായാണ് ഓസീസ് നാട്ടില്‍ ടെസ്റ്റില്‍ ഫോളോഓണ്‍ വഴങ്ങുന്നത്.

സിഡ്‌നി ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് നാണക്കേടിന്റെ ഫോളോ ഓണ്‍. 1988ന് ശേഷം ആദ്യമായാണ് ഓസീസ് നാട്ടില്‍ ടെസ്റ്റില്‍ ഫോളോഓണ്‍ വഴങ്ങുന്നത്. ആദ്യ ഇന്നിംങ്‌സില്‍ 300 റണ്‍സില്‍ ആസ്‌ട്രേലിയ ഓള്‍ഔട്ടായതോടെയാണ് കോഹ്ലി ഓസീസിനെ ഫോളോഓണ്‍ ചെയ്യിച്ചത്. നേരത്തെ 7ന് 622 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ചെയ്തിരുന്നു.

നാലാം ദിനം ആറിന് 236 എന്ന നിലയില്‍ കളി തുടങ്ങിയ ആസ്‌ട്രേലിയക്ക് ആദ്യ തിരിച്ചടി നല്‍കിയത് ഷാമിയായിരുന്നു. 25 റണ്‍സെടുത്ത കമ്മിന്‍സിന്റെ വിക്കറ്റ് ഷമി തെറിപ്പിച്ചു. പിന്നാലെ ഹാന്‍ഡ്‌സ്‌കോംപിനെ(37) ബുംറ പുറത്താക്കുകയും ലയോണിനെ റണ്‍സെടുക്കും മുമ്പ് കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ആസ്‌ട്രേലിയന്‍ ഇന്നിംങ്‌സ് വേഗത്തില്‍ തീരുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍ അവസാന വിക്കറ്റില്‍ ഹാസില്‍വുഡും(21) സ്റ്റാര്‍ക്കും(29) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവരെ 300 റണ്‍സിലെങ്കിലുമെത്തിച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് തിളങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷാമിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഋഷബ് പന്ത്, ചെതേശ്വര്‍ പുജാര എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇതോടെ പരമ്പര നേട്ടത്തിന്റെ സാധ്യതകള്‍ ഇന്ത്യ സജീവമാക്കുകയാണ്. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

Similar Posts