
ധോണി മാജിക്കും മറികടന്ന് ബംഗളുരു
|അർധ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടെ കരുത്തിലാണ് റോയല്‍ ചലഞ്ചേസ് ഭേദപ്പെട്ട സ്കോർ നേടിയത്
ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ചെന്നെെക്കെതിരെ ബംഗളുരു റോയൽ ചലഞ്ചേസിന് ഒരു റണ്ണിന്റെ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗളുരു നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ, ചെന്നെെയുടെ മറുപടി 8 വിക്കറ്റിന് 160ൽ അവസാനിച്ചു.

അവസാന ഓവറിൽ 26 റൺസ് വേണ്ടിടത്ത് നായകൻ ധോണി (48 പന്തിൽ 84) സിക്സറുകളും ബൗണ്ടറികളും പായിച്ചപ്പോള്‍ അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യം ചെന്നെെ നേടിയെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പന്തിൽ പക്ഷേ ചുവട് പിഴക്കുകയായിരുന്നു. അവസാന ഓവർ എറിയാനെത്തിയ ഉമേഷ് യാദവിനെ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും പറത്തിയ ധോണി 24 റൺസാണ് നേടിയത്.
അമ്പാട്ടി റായിഡു 29 റൺസുമായി പുറത്തായി. ബംഗളുരുവിനായി ഡെയ്ൽ സ്റ്റെയ്ൻ, ഉമേഷ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, നവ്ദീപ് സെെനിയും ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അർധ സെഞ്ച്വറി നേടിയ പാര്‍ഥീവ് പട്ടേലിന്റെ (37 പന്തിൽ 53) കരുത്തിലാണ് റോയല്‍ ചലഞ്ചേസ് ഭേദപ്പെട്ട സ്കോർ നേടിയത്. നായകൻ കോഹ്‍ലി 9 റൺസെടുത്ത് പുറത്തായി. എബി ഡിവില്ലിയേഴ്സ് 25 റൺസെടുത്തപ്പോൾ മൊഈൻ അലി 26ഉം അക്ഷ്ദീപ് നാഥ് 24ഉം റൺസെടുത്തു. ചെന്നെെക്കായി ദീപക് ചഹാർ, രവീന്ദ്ര ജദേജ, ഡ്വെെൻ ബ്രാവോ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റെടുത്തു.