< Back
Cricket
ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ; ക്രിക്കറ്റ് മൈതാനത്തെ ത്രസിപ്പിച്ച ഓർമകൾക്ക് പത്തു വയസ്സ്
Cricket

'ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ'; ക്രിക്കറ്റ് മൈതാനത്തെ ത്രസിപ്പിച്ച ഓർമകൾക്ക് പത്തു വയസ്സ്

Web Desk
|
2 April 2021 12:48 PM IST

49-ാം ഓവർ എറിയാനെത്തിയത് നുവാൻ കുലശേഖര. ആദ്യ പന്തിൽ യുവരാജ് സിംഗിൾ എടുത്തു. ഫുൾ ലങ്തിലെത്തിയ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയിൽ. സിക്സർ!

'ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. എ മഗ്നിഫിഷ്യന്‍റ് സ്ട്രൈക്ക് ഇന്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ് വേൾഡ് കപ്പ് ആഫ്റ്റർ ട്വന്റിഎയ്റ്റ് ഇയേഴ്സ്. ദ പാർട്ടി സ്റ്റാർട്ടഡ് ഇൻ ദ ഡ്രസിംഗ് റൂം. ആന്‍ ഇന്ത്യൻ ക്യാപ്റ്റൻ, ഹൂ ഹാസ് ബീൻ അബ്സല്യൂട്ട്ലി മഗ്നിഫിഷ്യന്റ് ഇൻ ദ നൈറ്റ് ഓഫ് ദ ഫൈനൽ'

കമന്ററി ബോകസിലിരുന്ന രവി ശാസ്ത്രി ആഹ്ലാദാതിരേകത്താൽ വിളിച്ചു പറഞ്ഞ ആ വാക്കുകൾക്ക് പത്തു വയസ്സായി. അതേ, മഹേന്ദ്രസിങ് ധോണിക്ക് കീഴിൽ ടീം ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് പത്തു വർഷം തികഞ്ഞു. 97 റൺസുമായി ഗൗതം ഗംഭീറും 91 റൺസുമായി ധോണിയും കളം നിറഞ്ഞ മത്സരം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെ എക്കാലത്തെയും മികച്ച ഓർമകളിലൊന്നാണ്.

2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനൽ പോരാട്ടം. വേദി മുംബൈയിലെ വാംഖഡെ. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 274 റൺസ്. മഹേള ജയവർധനെയുടെ സെഞ്ച്വറി മികവിലായിരുന്നു ലങ്ക മുന്നൂറിനടുത്ത സ്‌കോർ പടുത്തുയർത്തിയത്.

ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ടീം ഇത്രയും വലിയ സ്‌കോർ ചേസ് ചെയ്ത് ജയിച്ചിട്ടില്ല. ചരിത്രത്തിന്റെ ഭാരവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

വാംഖഡെയിലെ കാതടപ്പിക്കുന്ന ആരവങ്ങളിലേക്കിറങ്ങിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ സെവാഗിനെ മലിംഗ വിക്കറ്റിനു മുമ്പിൽ കുരുക്കി. സ്‌കോർ ബോർഡിൽ അപ്പോൾ റൺസ് പൂജ്യം. സ്വന്തം സ്റ്റേഡിയത്തിൽ നന്നായി തുടങ്ങിയ സച്ചിൻ (18) ഏഴാം ഓവറിൽ വീണു. സ്റ്റേഡിയം നിശ്ശബ്ദം. സ്‌കോർ ബോർഡിൽ അപ്പോൾ 31 റൺസ്.

വൺ ഡൗണായെത്തിയ ഗൗതംഗംഭീറും വിരാട് കോലിയും മധ്യഓവറുകളിൽ നടത്തിയ രക്ഷാ പ്രവർത്തനം മുമ്പോട്ടു പോകവെ ദിൽഷൻ പ്രഹരമേൽപ്പിച്ചു. 35 റൺസെടുത്ത കോലി പുറത്ത്. അടുത്തതായി വരേണ്ടിയിരുന്നത് യുവരാജ് സിങ്. എന്നാൽ പവലിയനിൽ നിന്ന് ഇറങ്ങി വന്നത് ആ ഏഴാം നമ്പറുകാരൻ, മഹേന്ദ്രസിങ് ധോണി. ടീം ഇന്ത്യയുടെ കപ്പിത്താൻ. അതുവരെ ടൂർണമെന്റിലെ ഒരു കളിയിൽ പോലും മികച്ച സ്‌കോർ കണ്ടെത്താനാകാതെ ഉഴറിയ ക്യാപ്റ്റനെ നോക്കി വാംഖഡെ ഞെട്ടിത്തരിച്ചു നിന്നു.

എന്നാൽ അക്ഷോഭ്യനായിരുന്നു ധോണി. ഗംഭീറിനൊപ്പം പതിയെ പടർന്നു കയറി ഒഴുക്കോടെയുള്ള ഇന്നിങ്സ്. 42-ാം ഓവറിൽ സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെ ഗംഭീർ വീണു. പിന്നീട് വന്നത് യുവരാജ് സിങ്ങ്. ചടങ്ങുകളേ അപ്പോഴേക്കും ബാക്കിയുണ്ടായിരുന്നുള്ളൂ. 49-ാം ഓവർ എറിയാനെത്തിയത് നുവാൻ കുലശേഖര. ആദ്യ പന്തിൽ യുവരാജ് സിംഗിൾ എടുത്തു. ഫുൾ ലങ്തിലെത്തിയ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയിൽ. സിക്സർ!

വാംഖഡെയിൽ ആഹ്ലാദാരവങ്ങളുടെ അമിട്ടു പൊട്ടി. ആരാധകർ ആകാശത്തേക്ക് മുഷ്ടി ചുരുട്ടി അലറി വിളിച്ചു. ഒന്നുമറിയാത്ത മട്ടിൽ റീബോക്കിന്റെ ബാറ്റൊന്നു ചുഴറ്റി സ്റ്റംപ് പറിച്ചു വന്ന ധോണിയെ യുവാജ് ആശ്ലേഷിച്ചു മുത്തം വച്ചു. കമന്ററി ബോക്സിൽ രവി ശാസ്ത്രി ഇങ്ങനെ വിളിച്ചു പറഞ്ഞു.

ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. എ മഗ്നിഫിഷ്യന്റ് സ്ട്രൈക്ക് ഇന്റു ദ ക്രൗഡ്.....

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts