< Back
Cricket
പൂരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഡി വില്ലിയേഴ്സിന്‍റെ വെടിക്കെട്ട്; 46 പന്തില്‍ സെഞ്ച്വറി
Cricket

പൂരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഡി വില്ലിയേഴ്സിന്‍റെ വെടിക്കെട്ട്; 46 പന്തില്‍ സെഞ്ച്വറി

Web Desk
|
15 Sept 2021 8:16 PM IST

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനും 'ആർ.സി.ബി എ'ക്ക് വേണ്ടി തിളങ്ങി. 43 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ അസ്ഹറുദ്ദീന്‍ 66 റൺസ് നേടി.

ഐ.പി.എല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വരവറിയിച്ച് ബാംഗ്ലൂരിന്‍റെ വെടിക്കെട്ട് താരം ഡിവില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും തന്‍റെ ബാറ്റിന്‍റെ ചൂടിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് താരത്തിന്‍റെ ഇന്നത്തെ പ്രകടനം. പകുതി വഴിയില്‍ നിര്‍ത്തിവെച്ച ഐ.പി.എല്ലിന്‍റെ രണ്ടാം പാദത്തിന് യു.എ.എയില്‍ ടോസ് വീഴാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പരിശീല മത്സരത്തില്‍ ബാറ്റ് വീശുകയായിരുന്നു ഡിവില്ലിയേഴ്സ്.

ടീം അംഗങ്ങളെ രണ്ടായി വിഭജിച്ച് നടത്തിയ ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരത്തിലായിരുന്നു എ.ബി.ഡിയുടെ വെടിക്കെട്ട്. 46 പന്തിൽ 7 ഫോറും 10 സിക്സും സഹിതം 104 റൺസാണ് ഡിവില്ലിയേഴ്സ് ഇന്ന് അടിച്ചുകൂട്ടിയത്. ദേവ്ദത്ത് പടിക്കലും ഹര്‍ഷല്‍ പട്ടേലുമാണ് രണ്ട് ടീമുകളെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹര്‍ഷല്‍ പട്ടേലിന്റെ ടീമായ 'ആര്‍.സിബി എ'ക്ക് വേണ്ടിയാണ് ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.

എ ബി ഡിക്ക് ഒപ്പം മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനും ആർ.സി.ബി എക്ക് വേണ്ടി തിളങ്ങി. അസ്ഹറുദ്ദീൻ 43 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 66 റൺസ് നേടി. ഇരുവരുടെയും പ്രകടന മികവില്‍ ഹര്‍ഷല്‍ പട്ടേല്‍ ഇലവന്‍ 20 ഓവറില്‍ നാലുവിക്കറ്റിന് 212 റണ്‍സെടുത്തു. 213 റൺസ് വിജയലക്ഷ്യം മുന്നിൽ വെച്ചെങ്കിലും 'ആർ.സി.ബി ബി' ഏഴ് വിക്കറ്റിന് വിജയിച്ചു. ക്യാപ്റ്റൻ പടിക്കൽ 21 പന്തിൽ 36 റൺസുമായും കെ.എസ് ഭരത് 47 പന്തിൽ 95 റൺസും നേടി ബി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Similar Posts