< Back
Cricket
ഇന്നും ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക്; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കിന്ന് നിർണായകം
Cricket

ഇന്നും ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക്; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കിന്ന് നിർണായകം

Web Desk
|
6 Sept 2022 6:56 AM IST

ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ

ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ രണ്ടാം പോരാട്ടത്തിൽ ഇന്ത്യയ്ക്കിന്ന് അതിനിർണായകം. വൈകീട്ട് 7.30ന് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. പാകിസ്താനോടേറ്റ അപ്രതീക്ഷിത തോൽവിയോടെ ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാൽ ശ്രീലങ്കയുടെ ഫൈനൽ സാധ്യത വർധിക്കുകയും ചെയ്യും.

ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. എതിരാളികളായ ശ്രീലങ്കയാവട്ടെ അഫ്ഗാനിസ്താനെതിരെ അവസാന ഓവറിൽ പൊരുതി ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എത്തുന്നത്. ജയം ആവർത്തിച്ചാൽ ഫൈനലിലേക്ക് വഴി തുറക്കുമെന്നതിനാൽ വർധിത വീര്യവുമായാവും ശ്രീലങ്ക ഇറങ്ങുക.

വിരാട് കോഹ്‌ലി ഉജ്വല ഫോമിലാണെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മയും മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതുമാണ് ഇന്ത്യയ്ക്ക് ഇനിയും തലവേദനയാകുന്നത്. എന്നാൽ, ബൗളർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ആശ്വാസകരമാണ്.

മാച്ച്‌വിന്നർമാർ ഇല്ലാതെയാണ് ശ്രീലങ്ക എത്തുന്നത്. അതുതന്നെയാണ് അവരുടെ ശക്തിയും ദൗർബല്യവും. ടീം ഗെയിമിലൂടെ ഇന്ത്യയെ മറികടക്കാനാവുമെന്നാണ് മരതകദ്വീപുകാരുടെ പ്രതീക്ഷ. മുൻനിരയിൽ കുശാൽ പെരേരയെയും വാലറ്റത്ത് വാനിന്ദു ഹസരങ്കയെയും കരുതിയിരിക്കണം.

Summary: Asia Cup Super 4: India Vs Sri Lanka preview

Similar Posts